മനുഷ്യക്കടത്തെന്ന് സംശയം: 300ലധികം ഇന്ത്യക്കാരുമായി പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞു

പാരിസ്: 300 ലധികം ഇന്ത്യൻ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോയ വിമാനം “മനുഷ്യക്കടത്ത്” എന്ന് സംശയിക്കുന്നതിനെ തുടർന്ന് ഫ്രാൻസിൽ ഇറക്കിയതായി അധികൃതർ അറിയിച്ചു.

വിമാനത്തിലെ യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഇരകളാവാം എന്ന സംശയത്തെ തുടർന്നാണ് അധികൃതർ തടഞ്ഞതെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. റുമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണിത്.

ദേശീയ ആന്റി-ഓർഗനൈസ്ഡ് ക്രൈം യൂണിറ്റ് ജുനൽകോ അന്വേഷണം ഏറ്റെടുത്തതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെ എ 340, ലാൻഡിംഗിന് ശേഷം വാട്രി വിമാനത്താവളത്തിലെ ടാർമാക്കിൽ നിലയുറപ്പിച്ചതായി മാർണിലെ വടക്കുകിഴക്കൻ ഡിപ്പാർട്ട്‌മെന്റിലെ അധികൃതർ പറഞ്ഞു. വിമാനത്തിൽ ഇന്ധനം നിറയ്ക്കാൻ പോകുകയായിരുന്നുവെന്നും 303 ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിമാനത്തിലെ ഇന്ത്യക്കാർ‌ യുഎസിലേക്കോ കാനഡയിലേക്കോ അനധികൃത കുടിയേറ്റം നടത്തുന്നതിനായി, മധ്യ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയിലായിരിക്കാം എന്നാണ് അധികൃതർ വിലയിരുത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.