ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘർഷം. തെങ്നോപ്പാലിലെ മൊറേയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പ്പ് നടന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഘർഷത്തിനിടെ രണ്ട് വീടുകള്‍ക്ക് തീയിട്ടു. മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്.
മെയ് 3ന് തുടങ്ങിയ സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാവുകയാണ്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് അതിര്‍ത്തി നഗരമായ മൊറേയില്‍ സംഘര്‍ഷം തുടങ്ങിയത്. മൊറേ ടൗണിൽ നിന്ന് പട്രോളിംഗ് പോയിന്റിലേക്ക് നീങ്ങുന്നതിനിടെ പൊലീസ് വാഹന വ്യൂഹത്തിന് നേരെ ഒരു സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ അസം റൈഫിള്‍സ് ക്യാംപിലേക്കാണ് മാറ്റിയത്.
ഇംഫാലിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള മലയോര ജില്ലയായ കാങ്‌പോക്പിയിൽ ഒരു കൗമാരക്കാരനെ അജ്ഞാതർ വെടിവച്ചു കൊന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 2.30നായിരുന്നു ഇത്. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമത്തിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. കൗമാരക്കാരന്‍റെ കൊലപാതകത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് അപലപിച്ചു.