വയനാട്ടിൽ മാവോയിസ്റ്റ് – തണ്ടർബോൾട്ട് ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ പിടിയിൽ

മാനന്തവാടി: വയനാട് മാനന്തവാടിക്കു സമീപം തലപ്പുഴ, പേര്യ, ചപ്പാരത്ത് പൊലീസിൻ്റെ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. വെടിവയ്പ് ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നു.

പേര്യ സ്വദേശി അനീഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘവും തണ്ടർബോൾട്ടും തമ്മിലാണ് വെടിവയ്‌പ്പുണ്ടായത്. മൂന്ന് വനിതകളും ഒരു പുരുഷനുമാണ്‌ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഒരു പുരുഷനെയും സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മാവോയിസ്റ്റുകളായ ചന്ദ്രുവും ഉണ്ണിമായയുമാണ് ഇവരെന്നാണ് സൂചന. ചൊവ്വ രാത്രി പതിനൊന്നോടെ വീട്ടിലെത്തിയ മാവോയിസ്റ്റുകൾ വീട്ടുകാരോട് ഭക്ഷണം വാങ്ങി കഴിച്ച ശേഷം പുറത്തേക്കിറങ്ങാൻ നോക്കവെ പൊലീസ് വളയുകയായിരുന്നു. കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറാകാത്തതിനെ തുടർന്ന് വെടിവയ്‌പ്പുണ്ടായതായാണ് വീട്ടുകാർ പറയുന്നത്. അരമണിക്കൂറോളം വെടിവയ്‌പ്പ്‌ നീണ്ടതായി വീട്ടുകാർ പറഞ്ഞു. വീടിന്റെ വാതിലിലും മറ്റും വെടിയേറ്റിട്ടുണ്ട്‌. മേഖലയിൽ ശക്തമായ പൊലീസ്‌ വിന്യാസം ഏർപ്പെടുത്തി.

ഇന്നലെ കൊയിലാണ്ടിയിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ടാണ് തമ്പി എന്നു വിളിക്കുന്ന അനീഷ് പിടിയിലാകുന്നത്. ഈയിടെ കണ്ണൂർ , വയനാട് മേഖലകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിലെ ചാവച്ചിയിൽ വച്ച് മോവോയിസ്റ്റുകൾ വനപാലകർക്ക് നേരെ വെടിയുതിർത്ത സംഭവമുണ്ടായിരുന്നു. ഒക്ടോബർ 30നാണ് അത് നടന്നത്. ചാവച്ചി വയനാട് , കർണാടക വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. അവിടെനിന്ന് ഒരുപാട് ദൂരത്തല്ല ഇപ്പോൾ ഏറ്റുമുട്ടൽ നടന്ന പേര്യ പ്രദേശം. ഈ പ്രദേശങ്ങളിൽ പല വീടുകളിലും ഭക്ഷണത്തിനും ഭക്ഷ്യവസ്തുക്കൾക്കുമായി മാവോയിസ്റ്റുകൾ എത്താറുണ്ടെന്ന് പലപ്പോഴും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ആരളം സംഭവത്തിനു ശേഷം കണ്ണൂർ, കോഴിക്കോട്, വയനാട് മേഖലയിൽ തണ്ടർബോൾട്ട് തിരച്ചിൽ ശക്തമാക്കിയിരുന്നു.

Police – Maoist encounter in Wayanad, 2 arrested

More Stories from this section

family-dental
witywide