
കൊച്ചി: അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമിനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഡൊമിനിക് കോടതിയിൽ പറഞ്ഞു. പ്രതിക്ക് ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഇല്ലന്ന് കോടതി വ്യക്തമാക്കി. പ്രതിയെ നവംബർ 29 വരെ റിമാന്റ് ചെയ്തു.
അതേസമയം കളമശ്ശേരി ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ദുബായിലേക്കടക്കം നീളും. ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പൊലീസിന് മൊഴി നൽകി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയത്. പിന്നാലെ വിദേശത്തെ മാർട്ടിന്റെ പരിചയക്കാരിൽ നിന്നും ഇയാളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി.