കളമശേരി സ്‌ഫോടനം: സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചു

കൊച്ചി: കളമശേരി സ്‌ഫോടനക്കേസിൽ നിര്‍ണായക തെളിവുകള്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്നു കണ്ടെടുത്തു. സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കിട്ടിയിരിക്കുന്നത്. ഈ റിമോട്ടുകള്‍ ഉപയോഗിച്ചായിരുന്നു പ്രതി കളമശേരിയില്‍ സ്‌ഫോടനം നടത്തിയത്. ഓറഞ്ച് നിറത്തിലുള്ള റിമോട്ടില്‍ എ ബി എന്ന രേഖപ്പെടുത്തിയ രണ്ട് സ്വിച്ചുകളും കാണുന്നുണ്ട്.

കീഴടങ്ങാന്‍ വേണ്ടി മാര്‍ട്ടിന്‍ കൊടകര പോലീസ് സ്റ്റേഷനില്‍ എത്തിയ സ്‌കൂട്ടറിനുള്ളില്‍ തന്നെയായിരുന്നു റിമോട്ടുകള്‍ സൂക്ഷിച്ച് വെച്ചത്. ഒക്ടോബര്‍ 29 നായിരുന്നു കളമശേരിയിലെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സ്‌ഫോടനത്തിന് പിന്നാലെ മാര്‍ട്ടിന്‍ തന്നെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നു. യഹോവ സാക്ഷികള്‍ രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നു മാര്‍ട്ടിന്‍ തന്റെ ഫേസ്ബുക്ക് വിഡിയോയിൽ ആരോപിച്ചിരുന്നു. താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയാറാകാത്തതിനാലാണ് സ്‌ഫോടനം നടത്തിയതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. പിന്നാലെയാണ് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയത്.

മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയ പൊലീസ് യുഎപിഎ, സ്‌ഫോടക വസ്തു നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ കളമശ്ശേരി ബോംബ് സ്‌ഫോടനവമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണങ്ങളില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരടക്കമുള്ളവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി കൈക്കൊണ്ടിരുന്നു.

police recover remote control used for kalamassery blast from Dominic Martin’s two-wheeler

More Stories from this section

family-dental
witywide