സിറോ മലബാർ സഭയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം. സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഈ ക്രിസ്മസിന് സിനഡ് തീരുമാന പ്രകാരമുള്ള കുർബാന അർപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
ഡിസംബർ 10-ന് എറണാകുളം തൃക്കാക്കരയിൽ അതിരൂപതയിലെ മുഴുവൻ വൈദികരും ചേർന്നു നടത്തുന്ന പൂർണ ജനാഭിമുഖ കുർബാനയോടെ എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികർ പൂർണ ജനാഭിമുഖ കുർബാന അവസാനിപ്പിക്കും.
മാർപാപ്പയുട സന്ദേശം
“സാർവ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നൽകുന്ന പ്രിയപ്പെട്ട സീറോ-മലബാർ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്. അതുകൊണ്ടുതന്നെ, ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോൾ എന്റെ ഹൃദയം ദുഃഖപൂരിതമാണ്.
നിങ്ങളുടെ മെത്രാൻ സിനഡ്, ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ആദർശയോഗ്യമായ തീരുമാനമല്ലിതെന്ന് സിനഡിലെ ചില മെത്രാന്മാർ വിലയിരുത്തിയെങ്കിലും ഐക്യത്തിനു വേണ്ടിയുള്ള ആഗ്രഹവും സ്നേഹവുമാണ് ഇതുപോലൊരു തീരുമാനത്തിലെത്താൻ സിനഡ് അംഗങ്ങൾ എല്ലാവരെയും പ്രേരിപ്പിച്ചത്. യഥാർത്ഥത്തിൽ സഭ കൂട്ടായ്മയാണ്. കൂട്ടായ്മ ഇല്ലായെങ്കിൽ സഭയില്ല. ഒരു വിഘടിത വിഭാഗമാവും.
സമൂഹത്തിന് മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദികർ, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവരെ പിന്തുടരരുത്.സമാധാനപരമല്ലാത്ത ചർച്ച അക്രമം സൃഷ്ടിക്കുന്നു. നിങ്ങളുടെ ഇടയിൽ അക്രമം നടന്നിട്ടുണ്ട്, ഇപ്പോഴുമുണ്ട്, പ്രത്യേകിച്ച്, നിങ്ങളുടെ സഭ തീരുമാനിച്ചതുപോലെ കൂട്ടായ്മയിൽ തുടരാനും കുർബാനയർപ്പിക്കാനും ആഗ്രഹിക്കുന്നവർക്കെതിരെ.
സഭയോടു വിധേയത്വമുള്ളവരായിരിക്കാൻ ഞാനും പലതവണ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി കുർബാനയോട് അനാദരവ് കാട്ടുകയും കൂട്ടായ്മ തകർക്കുകയും പോരും കലഹങ്ങളും തുടരുകയും ചെയ്യുന്നിടത്ത് കുർബാനയുണ്ടാകുന്നത് എങ്ങനെയാണ്?
എതിർപ്പിനുള്ള ചില കാരണങ്ങൾക്ക് കുർബാനയർപ്പണവുമായൊ ആരാധനക്രമവുമായൊ യാതൊരു ബന്ധവുമില്ലായെന്ന് എനിക്കറിയാം. ഇക്കാരണത്താൽ, നിങ്ങളെ ബോധ്യപ്പെടുത്താനായി വർഷങ്ങളായി മുന്നോട്ടുവെച്ച കാരണങ്ങൾ ഞാൻ ശ്രദ്ധാപൂർവ്വം സമയമെടുത്തു പഠിച്ചു. ഞാൻതന്നെ ഇതിനകം പലതവണ നിങ്ങൾക്ക് കത്തുകൾ എഴുതിയിട്ടുണ്ട്, എന്നാൽ എല്ലാ വിശ്വാസികളുടെയും അറിവിനായി എന്റെ കത്തുകൾ പൊതുവായി വായിച്ചിട്ടില്ലെന്ന് എനിക്കറിയാം.
വൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക. നിങ്ങളുടെ സഭയുടെ പാതയിൽനിന്ന് നിങ്ങൾ വ്യതിചലിച്ചു പോകാതെ സിനഡിന്റെയും നിങ്ങളുടെ മെത്രാന്മാരുടെയും മേജർ ആർച്ചുബിഷപ്പിന്റെയും ഒപ്പം സഞ്ചരിക്കുക. നിങ്ങളുടെ സിനഡ് തീരുമാനിച്ചകാര്യങ്ങൾ നടപ്പിലാക്കുക.
ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എന്റെ പ്രതിനിധിയായി ഞാൻ നിങ്ങളുടെ അടുക്കലേയ്ക്ക് അയച്ചു. അദ്ദേഹം നിങ്ങളുടെ ഇടയിൽ വന്നു. സമരവും എതിർപ്പുകളും ചിലപ്പോൾ, അക്രമങ്ങളും അവസാനിപ്പിക്കാൻ അദ്ദേഹവും, എന്റെ പേരിൽ, നിങ്ങളോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ സഭയിലെ മറ്റെല്ലാ രൂപതകളോടും ചേർന്ന്, എളിമയോടും വിശുദ്ധിയോടുംകൂടി, നിങ്ങളുടെ അതിരൂപത 2023 പിറവിത്തിരുനാളിന് കുർബാനയർപ്പണവുമായി ബന്ധപ്പെട്ട സിനഡു തീരുമാനം നടപ്പിലാക്കുന്നവെന്ന് ഉറപ്പുവരുത്തുക. അതുകൊണ്ട് ഈ വരുന്ന പിറവിതിരുനാളിൽ, സിറോ മലബാർ സഭയിൽ ഉടനീളം ചെയ്യുന്നതുപോലെ, എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണം.”
Pope Francies exhorted for unity in Syro Malabar Church