രണ്ടാം ലോക മഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട യോദ്ധാക്കളെ അനുസ്മരിക്കുന്ന ചടങ്ങിൽ, തന്റെ ഇഷ്ട ഫുട്ബോൾ താരത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ലയണൽ മെസിയെയും ഡീഗോ മറഡോണയെയും അവഗണിച്ചുകൊണ്ട് മാർപാപ്പ തിരഞ്ഞെടുത്തത് പെലെയുടെ പേരാണ്.
ടിജി 1 എന്ന ടിവി സ്റ്റേഷൻ അദ്ദേഹത്തോട് മെസിയെയാണോ മറഡോണയെയാണോ ഇഷ്ടം എന്നു ചോദിച്ചപ്പോഴാണ്. തന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം മഹാനായ ബ്രസീലിയൻ കളിക്കാരൻ പെലെ ആണെന്ന് ഫ്രാൻസിസ് മാർപാപ്പ മറുപടി നൽകിയത്. താരത്തിന്റെ വിനയമാണ് തന്റെ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണമെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി.
മൂന്നു താരങ്ങളുടെയും കളിയെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
“എന്നെ സംബന്ധിച്ചിടത്തോളം, അവർ മൂന്നുപേർക്കിടയിലുമുള്ള മാന്യനായ വ്യക്തി പെലെയാണ്. അയാൾ വലിയ ഹൃദയമുള്ള ഒരു മനുഷ്യനാണ്. ഞാൻ പെലെയോട് സംസാരിച്ചിട്ടുണ്ട്. ഞാൻ ബ്യൂണസ് അയേഴ്സിൽ ആയിരുന്നപ്പോൾ ഒരു വിമാനത്തിൽ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടി. ഞങ്ങൾ ഒരുപാട് സംസാരിച്ചു. മനുഷ്യത്വമുള്ള ഒരു മനുഷ്യനാണ് പെലെ. ഒരു കളിക്കാരൻ എന്ന നിലയിൽ തീർച്ചയായും മഹാന്മാരിൽ ഒരാളാണ് മറഡോണ. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ അയാൾ പരാജയപ്പെട്ടുപോയി. പാവം, അയാൾ വഴുതിവീഴുകയായിരുന്നു. അയാളെ ആരാധിച്ചവർ ഒരിക്കലും ഈ ദുർഗതിയിൽ സഹായിച്ചില്ല. പല കായികതാരങ്ങളും അയാളെപ്പോലെ അവസാനിക്കാറുണ്ട്. മെസ്സിയും ഒരു മാന്യനായ വ്യക്തിയാണ്. അവർ മൂന്നുപേരും മികച്ചവരാണെങ്കിലും. ഓരോരുത്തർക്കും അവരവരുടെ പ്രത്യേകതയുണ്ട്,” പോപ്പ് ഫ്രാൻസfസ് പറഞ്ഞു.
അർജന്‍റീനക്കാരനായ പോപ് ഫ്രാൻസിസ് തന്റെ ഫുട്ബാൾ കമ്പത്തിന് പേരുകേട്ടയാളാണ്. കുട്ടിക്കാലം മുതൽ താനൊരു ഫുട്ബാൾ ആരാധകനാണെന്ന് മാർപ്പാപ്പ തുറന്നു പറഞ്ഞിട്ടും ഉണ്ട്. അർജന്‍റീനയിലെ സാൻ ലോറെൻസോ ക്ലബിന്‍റെ ആരാധകനുമാണ് പാപ്പ.