ആശുപത്രികളെ വിടാതെ ഇസ്രയേൽ ആക്രമണം; മാസം തികയാതെ ജനിച്ച 28 കുട്ടികളെ ഈജിപ്തിലേക്ക് മാറ്റി

ഗാസ: മാസം തികയാതെ ജനിച്ച 28 കുഞ്ഞുങ്ങളെ ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ നിന്നും ചികിത്സയ്ക്കായി ഈജിപ്തിലെത്തിച്ചു. റാഫയിലുള്ള അല്‍-ഹെലാല്‍ അല്‍-എമിറാത്തി മെറ്റേണിറ്റി ആശുപത്രിയിലേക്കാണ് കുട്ടികളെ എത്തിച്ചത്. ഇവിടെ നിന്നും കുട്ടികളെ സുരക്ഷിതരായി ഈജിപ്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ പ്രവർത്തകർ ആംബുലന്‍സിനുള്ളില്‍ നിന്ന് കുഞ്ഞുങ്ങളെ ശ്രദ്ധാപൂര്‍വ്വം എടുത്ത് മൊബൈല്‍ ഇന്‍കുബേറ്ററുകളിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഒഴിപ്പിക്കലിന്റെ ആദ്യപടിയായി, ഇസ്രയേൽ ഉപരോധത്തിലുള്ള അൽ-ഷിഫയിൽ നിന്ന് റഫയിലെ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് ഞായറാഴ്ച 31 കുട്ടികളെയാണ് മാറ്റിയത്. ഇവര്‍ നാപ്കിനും ചെറിയ പച്ച തൊപ്പികളും മാത്രമാണ് ധരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 28 കുഞ്ഞുങ്ങള്‍ ഇപ്പോള്‍ സുരക്ഷിതമായി ഈജിപ്തിലെത്തിയെന്നും മൂന്ന് കുഞ്ഞുങ്ങള്‍ ഇപ്പോഴും എമിറാത്തി ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുന്നു എന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുഞ്ഞുങ്ങളുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ “എല്ലാ കുഞ്ഞുങ്ങളും ഗുരുതരമായ അണുബാധകൾക്കെതിരെ പോരാടുകയാണ്, ആരോഗ്യപരിരക്ഷ ആവശ്യമായി തുടരുന്നു,” എന്നും അദ്ദേഹം പറഞ്ഞു

More Stories from this section

family-dental
witywide