ന്യൂഡൽഹി: ഭാരതീയ ന്യായ സംഹിത (മുൻ ഇന്ത്യൻ ശിക്ഷാ നിയമം), ഭാരതീയ നാഗ്രിക് സുരക്ഷാ സംഹിത (മുൻ ക്രിമിനൽ നടപടി ചട്ടം (സിആർപിസി)), ഭാരതീയ സാക്ഷ്യ സംഹിത (മുൻ ഇന്ത്യൻ എവിഡൻസ് ആക്റ്റ്) എന്നീ പുതിയ മൂന്നു ക്രിമിനൽ ബില്ലുകളിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ഇതോടെ ബില്ലുകൾ നിയമമായി.
ഡിസംബർ 20-ന് ലോക്‌സഭയും ഡിസംബർ 21-ന് രാജ്യസഭയും പാസാക്കിയ ബില്ലുകളാണ് ഇപ്പോൾ നിയമമായി മാറിയിരിക്കുന്നത്. ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതികൾ ആഭ്യന്തര മന്ത്രാലയം അറിയിക്കും. ഇരുസഭകളിൽനിന്നും 49 എംപിമാരെ സസ്‌പെൻഡ് ചെയ്തതിന് ശേഷമാണ് ബില്ലുകൾ പാസാക്കിയത്.
കൊളോണിയല്‍ക്കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പൊളിച്ചെഴുത്തെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്.
ഭാരതീയ ന്യായ സംഹിതയിൽ നിലവിൽ 358 വിഭാഗങ്ങളുണ്ട്; ഭാരതീയ നാഗ്രിക് സുരക്ഷാ സംഹിതയിൽ 531 വിഭാഗങ്ങളും ഭാരതീയ സാക്ഷ്യ സംഹിതയ്ക്ക് 170 വിഭാഗങ്ങളുമുണ്ട്. പുതിയ ക്രിമിനൽ നിയമങ്ങളിൽ ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശുപാർശ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെ ദീർഘകാലം ജയിലിലിട്ടത് ഈ നിയമം ഉപയോഗിച്ചാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.