പുതിയ പാർലമെന്റ്: രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ആദിവാസിയും വിധവയുമായത് കൊണ്ട്; ഉദയനിധിയുടെ വിമർശനം

ചെന്നൈ: പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന സുപ്രധാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ ക്ഷണിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. രാജ്യത്തിന്റെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന ചടങ്ങിൽ ക്ഷണിക്കാതിരുന്നത് വിധവയും ഗോത്രവർഗത്തിൽ നിന്നുള്ള ആളായത് കൊണ്ടാണെന്നും ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. ഇതാണ് ഞങ്ങൾ സനാതന ധർമ്മമെന്ന് വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന ചടങ്ങുകളിൽ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. എന്നാൽ ഹിന്ദിയിലെ ചില നടിമാരെ പാർലമെന്റ് കാണിക്കാൻ കൊണ്ടുപോയി. ഞങ്ങളുടെ രാഷ്ട്രപതിയെ എന്തുകൊണ്ടാണ് ക്ഷണിക്കാതിരുന്നത്. അതിന് കാരണമുണ്ട്. രാഷ്ട്രപതി വിധവയാണ്, അവർ ഗോത്രവർഗത്തിൽ നിന്നുള്ള സ്ത്രീയാണ്. ഇതിനെയാണ് സനാതന ധർമ്മം എന്ന് വിളിക്കുന്നത്’ ഉദയനിധി പറഞ്ഞു.

മധുരയിൽ നടന്ന പാർട്ടി യൂത്ത് വിംഗ് യോഗത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സനാതന ധർമ്മത്തെ കുറിച്ച് ഉദയനിധി നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്തെത്തുന്നത്. രാഷ്ട്രപതിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. പുതിയ പാർലമെന്റിലേക്ക് പ്രവേശിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ കാണാൻ ആഗ്രഹിക്കുന്നെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

‘പുതിയ കെട്ടിടം മികച്ചതാണ്. മയിൽപ്പീലികൾ നിലത്തും കസേരകളിലും മനോഹരമായി ദൃശ്യവൽകരിച്ചിരിക്കുന്നു. എന്നാൽ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രപതിയെ ഈ ചടങ്ങിൽ കാണാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി ഒരു സ്ത്രീയാണ്. അവർ ഗോത്ര സമൂഹത്തെ പ്രതിനിധീകരിക്കുന്നു. ഒരു ഭവനത്തിൽ നിന്ന് മറ്റൊരു ഭവനത്തിലേക്ക് മാറുമ്പോൾ അവരുടെ സാന്നിദ്ധ്യം ഏറ്റവും പ്രധാനമായിരുന്നു’- രാഹുൽ ഗാന്ധി പറഞ്ഞു.

More Stories from this section

family-dental
witywide