“2019 മുതൽ രാജി സമർപ്പിച്ചിരുന്നു, ഇപ്പോഴാണ് മാർപാപ്പ സ്വീകരിച്ചത്”: മാർ ജോർജ് ആലഞ്ചേരി

2019 മുതൽ രാജിക്കത്ത് നൽകിയിരുന്നതായും ഇപ്പോൾ മാർപാപ്പ തൻ്റെ രാജി അംഗീകരിച്ചെന്നും സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ആർച്ച് ബിഷപ്പ് സ്ഥാനമേൽക്കുന്നത് വരെ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഡ്‌മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കും. സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് സ്ഥാനം ഒഴിയുന്നതായി ആലഞ്ചേരി അറിയിച്ചത്. മുന്‍കൂട്ടി തയാറാക്കിയ പ്രസ് റിലീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിക്കുകയായിരുന്നു.

അതിരൂപത അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനും സ്ഥാനമാറ്റമുണ്ട്. ബോസ്കോ പുത്തൂരാണ് പുതിയ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ.

ബിഷപ്പ് പദവി ഒഴിയാനുള്ള തീരുമാനം സ്വയം എടുത്തതാണെന്ന് ജോർജ് ആലഞ്ചേരി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പൂർണ സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയുന്നത്. ഭൂമി, കുർബാന ഏകീകരണ തർക്കങ്ങൾ സ്ഥാനമാറ്റത്തിന് കാരണമായിട്ടുണ്ടാകാം. ഏകീകൃത കുർബാനയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നതായും ആലഞ്ചേരി പറഞ്ഞു.

അദ്ദേഹത്തിന്റെ പത്രക്കുറിപ്പിൻ്റെ പൂർണ രൂപം.

“ദൈവകൃപയാൽ 2011 മെയ് 29 മുതൽ മേജർ ആർച്ച് ബിഷപ് എന്ന നിലയിൽ സിറോ മലബാർ സഭയിൽ ഞാൻ ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് മേജർ ആർച്ച് ബിഷപ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എനിക്ക് സാധിച്ചത്. നിങ്ങളിൽ ചിലർക്കെങ്കിലും അറിയാവുന്നതുപോലെ മേജർ ആർച്ച് ബിഷപ് സ്ഥാനത്തുനിന്ന് വിരമിക്കുവാനുള്ള എന്റെ ആഗ്രഹം 2019 ജൂലൈ 19 ന് ഞാൻ പരിശുദ്ധ പിതാവിനെ (മാർപാപ്പ) അറിയിച്ചിരുന്നു .നമ്മുടെ സഭയിലെ വർധിച്ചു വരുന്ന അജപാലന ആവശ്യങ്ങളും എൻ്റെ ആരോഗ്യ സ്ഥിതിയും ശ്രദ്ധാപൂർവം പരിഗണിച്ചാണ് ഞാൻ ആ തീരുമാനമെടുത്തത്. സ്ഥാനമൊഴിയണമെന്ന എൻ്റെ ആഗ്രഹം അംഗീകരിക്കുന്നതിനു വേണ്ടി ഞാൻ താൽപര്യത്തോടെ അഭ്യർഥിച്ചെങ്കിലും എൻ്റെ തീരുമാനം സ്വീകരിക്കും മുമ്പ് പരിശുദ്ധ പിതാവ് സിറോ മലബാർ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എൻ്റെ തീരുമാനം അംഗീകരിച്ചില്ല. പ്രാർഥനാപൂർവമുള്ള പുനരാലോചനകൾക്ക് ശേഷം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2022 വനംബർ 15ന് എന്റെ രാജി പരിശുദ്ധ പിതാവിന് വീണ്ടും സമർപ്പിച്ചു. എൻ്റെ അഭ്യർഥനയിൽ ഉടനടി തീരുമാനമെടുത്തില്ലെങ്കിലും ഒരു വർഷത്തിനു ശേഷം ഫ്രാൻസിസ് മാർപാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്തത്തിൽ നിന്ന് വിരമിക്കാൻ എന്നെ അനുവദിക്കുകയും ചെയ്തിരിക്കുന്നു എന്ന വിവരം നിങ്ങളെ അറിയിക്കാൻ എനിക്ക് സന്തോഷമുണ്ട്. അതിനാൽ ഇന്നേ ദിവസം( 2023 ഡിസംബർ 7) പ്രബല്യത്തിൽ വരും വിധം സിറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപിൻ്റെ സ്ഥാനത്തുനിന്ന് ഞാൻ ഔദ്യോഗികമായി വിരമിക്കുന്നു. നിങ്ങളുടെ പ്രാർഥനയും പിന്തുണയും മാറ്റത്തിൻ്റെ ഈ കാലയളവിൽ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. പൌരസ്ത്യ സഭാ നിയമപ്രകാരം മേജർ ആർച്ച് ബിഷപ് സ്ഥാനം ഒഴിവു വരുമ്പോൾ സഭയുടെ കൂരിയ ബിഷപ്, ഇപ്പോഴത്തെ സാഹചര്യത്തിൽ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ സിറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നതായിരിക്കും.”

Press Release of Mar George Alancherry

More Stories from this section

family-dental
witywide