ന്യൂഡൽഹി: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ കേരളത്തിലേത് ഉള്‍പ്പെടെ ഒന്‍പത് പുതിയ വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകള്‍ ഉടനെത്തുമെന്ന് അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ടൂറിസം വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നുവെന്നും കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ റെയില്‍വേ വികസിച്ചുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മോദി വ്യക്തമാക്കി. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിനിന്റെ കന്നിയാത്ര. 27–ാം തിയതി മുതല്‍ റഗുലര്‍ സര്‍വീസ് ആരംഭിക്കും.
രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, ബിഹാർ, ബംഗാൾ, കേരളം, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളിലായി പ്രധാന തീർഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു പുതിയ സർവീസുകൾ.
ഉദയ്പുർ–ജയ്പുർ, തിരുനെൽവേലി–മധുര–ചെന്നൈ, ഹൈദരാബാദ്–ബെംഗളൂരു, വിജയവാഡ–ചെന്നൈ (റെനിഗുണ്ട വഴി), പട്ന–ഹൗറ, കാസർകോട്–തിരുവനന്തപുരം, റൂർക്കല–ഭുവനേശ്വർ പുരി, റാഞ്ചി–ഹൗറ, ജാംനഗർ–അഹമ്മദാബാദ് എന്നിവയാണ് പുതിയ സർവീസുകൾ.