ഭുവനേശ്വർ: ഈ ആഴ്ച ആദ്യം പന്ത്രണ്ടു വയസ്സുള്ള വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതിന് നബരംഗ്പൂർ ജില്ലയിലെ ഒരു സർക്കാർ റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പലിനെയും അസിസ്റ്റന്റ് ടീച്ചറെയും കോരാപുത് പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ പ്രിൻസിപ്പലിന് 59 വയസും അസിസ്റ്റന്റ് ടീച്ചർക്ക് 34 വയസുമാണെന്ന് പൊലീസ് പറഞ്ഞു.
“ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ കുറ്റം സമ്മതിച്ചതിനെ തുടന്ന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.” ഇവരെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഇൻസ്പെക്ടർ ഇൻചാർജ് പ്രശാന്ത് സേത്തി പറഞ്ഞു.
പട്ടികജാതി/വർഗ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്‌കൂളിലെ ഡേ സ്‌കോളർ ആയ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ചൊവ്വാഴ്ച സ്‌കൂളിലെ ശുചിമുറിയിൽ വച്ച് ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ പിതാവ് നൽകിയ പൊലീസ് പരാതിയിൽ പറയുന്നു.
പ്രതികൾ കുട്ടിയെ ബലമായി ശുചിമുറിയിലേക്ക് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. നവംബർ 9ന് വയറിന് താഴെ വേദന അനുഭവപ്പെട്ടതോടെയാണ് പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുന്നത്. ഇതിന് പിന്നാലെ മാതാപിതാക്കൾ കുണ്ടേയ് പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു
പെൺകുട്ടി ഇപ്പോൾ കോരാപുത്തിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഒരു സംഘം വെള്ളിയാഴ്ച സമാന്തര അന്വേഷണം നടത്തി.