അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം തിയറ്ററുകളിലേക്ക്. 2024 ഏപ്രില്‍ പത്തിന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. മരുഭൂമിയിലൂടെ വേച്ചുവേച്ചുവരുന്ന നായകന്റെ രൂപവും ദൃശ്യപശ്ചാത്തലവും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ്.
ബെന്യാമിന്റെ നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രം ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിൽ ചര്‍ച്ചാവിഷയമായിരുന്നു. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
2018 മാര്‍ച്ചില്‍ കേരളത്തിലാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഷൂട്ടിങ് നടന്നു. 2022 ജൂലൈയിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോവിഡ് കാലത്ത് അഭിനേതാക്കളടക്കം 58 പേരടങ്ങിയ സംഘം എഴുപത് ദിവസത്തോളം ജോര്‍ദാനില്‍ കുടുങ്ങിയിരുന്നു.
എ.ആര്‍.റഹ്മാനാണ് ആടുജീവിതത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും നിര്‍വഹിച്ചിരിക്കുന്നു. കെ.എസ്.സുനിലാണ് ഛായാഗ്രഹണം.