ന്യൂഡൽഹി: സഞ്ജയ് സിംഗിനെ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ഗുസ്തിയിൽ നിന്ന് വിരമിക്കുന്നതായി സാക്ഷി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സാക്ഷി മാലിക്കിനെ നേരിൽ കണ്ടു. വെള്ളിയാഴ്ച വൈകീട്ടാണ് ഡൽഹിയിലെ വീട്ടിലെത്തി സാക്ഷിയുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയത്.
താൻ ഒരു സ്ത്രീയായാണ് ഇവിടെ എത്തിയതെന്ന് സാക്ഷിയെ കണ്ടതിന് ശേഷം പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ പെൺകുട്ടികൾക്ക് സംഭവിച്ചത് വെറുപ്പുളവാക്കുന്നതിനും അപ്പുറമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സാക്ഷി ഗുസ്തിയിൽനിന്ന് വിരമിച്ചത്. ലൈംഗികാരോപണക്കേസിലടക്കം ആത്മാർഥമായി പൊരുതിയിട്ടും ബ്രിജ്ഭൂഷന്റെ അടുത്ത അനുയായിയും കച്ചവട പങ്കാളിയുമായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ ഗുസ്തിയോട് വിടപറയുകയാണെന്ന് വാർത്തസമ്മേളനത്തിലാണ് സാക്ഷി പ്രഖ്യാപിച്ചത്.
തനിക്ക് ലഭിച്ച പത്മശ്രീ തിരിച്ചുനൽകുമെന്ന് ഗുസ്തി താരമായ ബജ്റംഗ് പൂനിയയും അറിയിച്ചിരുന്നു.
“ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഞങ്ങൾ ഞങ്ങളുടെ പെൺമക്കൾക്കും സഹോദരിമാർക്കും വേണ്ടി പോരാടുകയായിരുന്നു. അവർക്ക് നീതി ലഭിക്കുന്നില്ല. അതുകൊണ്ടു തന്നെ, ഈ ബഹുമതിക്ക് ഞാൻ അർഹനല്ലെന്ന് ഞാൻ കരുതുന്നു. എന്റെ അവാർഡ് തിരികെ നൽകാനാണ് ഞാൻ ഇവിടെ വന്നത്,” എന്ന് ബജ്റംഗ് പുനിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.