![](https://www.nrireporter.com/wp-content/uploads/2023/11/pro-palestine.jpg)
വാഷിങ്ടൺ ഡിസി: ഗാസ മുനമ്പിൽ ഇസ്രയൽ ഉപരോധവും ആക്രമണവും തുടരുമ്പോൾ, വാഷിംഗ്ടൺ ഡിസിയിലും യുഎസിന്റെ മറ്റ് ഭാഗങ്ങളിലും പലസ്തീൻ അനുകൂല പ്രകടനങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങുന്നു.
ഹമാസിനെ ഇല്ലാതാക്കാനെന്ന പേരിൽ പലസ്തീനിൽ പ്രത്യേകിച്ച് ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമമത്തിനെതിരായി ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ തുടർച്ചയാണ് ശനിയാഴ്ച വാഷിങ്ടണിൽ നടന്ന പ്രകടനത്തിലെ ജനപങ്കാളിത്തം.
നിരന്തരമുള്ള ഇസ്രയേൽ ബോംബാക്രമണത്തിൽ ഗാസയിൽ ഏകദേശം 10,000 പേർ കൊല്ലപ്പെട്ടു. അവരിൽ ഏറെയും സാധാരണക്കാരും വലിയൊരു ഭാഗം കുട്ടികളുമാണ്. ആശുപത്രികൾ, സ്‌കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ, ആംബുലൻസുകൾ എന്നിവയെ ലക്ഷ്യമാക്കി ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ഇത് അന്താരാഷ്ട്ര സമൂഹത്തിൽ നിന്നു വലിയ പ്രതിഷേധത്തിന് കാരണമാവുകയും ഇസ്രയേലിന്റെ ആക്രമണങ്ങൾ യുദ്ധക്കുറ്റങ്ങളാകുമെന്ന മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നുണ്ട്.
പ്രതിഷേധ പ്രകടനങ്ങളുടെ സമയത്ത് നാഷണൽ മാളിനും വൈറ്റ് ഹൗസിനും സമീപം സ്ഥിതി ചെയ്യുന്ന ഫ്രീഡം പ്ലാസയിൽ ജനക്കൂട്ടം നിറഞ്ഞിരിക്കുന്നതായി മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
“പലസ്തീൻ ഐക്യദാർഢ്യ പ്രസ്ഥാനത്തിന് എത്രയധികം പിന്തുണ വളർന്നു എന്നതിന്റെ തെളിവാണ് പ്രതിഷേധങ്ങൾ, മാറ്റം വരാൻ ആളുകൾ ശരിക്കും ആഗ്രഹിക്കുന്നു,” പലസ്തീന്റെ അവകാശങ്ങൾക്കു വേണ്ടിയുള്ള യുഎസ് കാമ്പെയ്‌നിലെ അഡ്വക്കസി ഡയറക്ടർ ഇമാൻ ആബിദ്-തോംസൺ പറഞ്ഞു.
“ഇത് ഇപ്പോൾ ധാർമ്മികതയുടെ ഒരു തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു. നിങ്ങൾ പലസ്തീനികൾക്കു വേണ്ടി സംസാരിക്കാനും അവരെ പിന്തുണയ്ക്കാനും മുന്നോട്ടു വരുമെന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ നിങ്ങൾ വംശഹത്യയെയാണ് പിന്തുണയ്ക്കുന്നത്.”
പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പുകളും പുരോഗമന സംഘടനകളും സംഘടിപ്പിച്ച നൂറുകണക്കിന് ബസുകളിൽ രാജ്യത്തുടനീള മുള്ള നഗരങ്ങളിൽ നിന്ന് പ്രതിഷേധത്തിൽ പങ്കെടുക്കാൻ ദേശീയ തലസ്ഥാനത്തേക്ക് നിരവധി പേരാണ് യാത്ര ചെയ്തത്.