മോളിവുഡും ട്രെൻഡിനു പിന്നാലെ; ‘ഗരുഡൻ’ പറന്നുയർന്നു, സംവിധായകന് 20 ലക്ഷത്തിന്റെ എസ്‌യുവി സമ്മാനിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

സിനിമകൾ വിജയിക്കുമ്പോൾ സംവിധായകനും പ്രധാന അണിയറപ്രവർത്തകർക്കും സമ്മാനം നൽകുന്ന രീതി മലയാള ചലച്ചിത്ര മേഖലയിലും. മാജിക് ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ഉടമ ലിസ്റ്റിൻ സ്റ്റീഫനാണ് മലയാളത്തിൽ ഈ ട്രെൻഡിന് തുടക്കമിട്ടിരിക്കുന്നത്. നവംബർ മൂന്നിന് റിലീസായ സുരേഷ് ഗോപി ചിത്രം ഗരുഡൻ ബോക്‌സ് ഓഫീസിൽ വലിയ വിജയമായതിനെ തുടർന്നാണ് സന്തോഷം വ്യത്യസ്‌ത രീതിയിൽ ആഘോഷിക്കാൻ ലിസ്റ്റിൻ തീരുമാനിച്ചത്.

സിനിമയുടെ സംവിധായകൻ അരുൺ വർമയ്ക്ക്​ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് എൻഡ് മോഡലാണ് നിർമാതാവ്​ സമ്മാനമായി നൽകിയിരിക്കുന്നത്. കാറിന്റെ താക്കോൽ സമ്മാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. പ്യൂറ്റർ ഒലിവ് കളർ ഓപ്ഷനിലുള്ള സെൽറ്റോസ് എസ്‌.യു.വിക്ക് 20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം റോഡ് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി വാഹനത്തിന് കൊച്ചിയിൽ ഏകദേശം 22 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ.

മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതി അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ, പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് നേടിയത്. ഇതുവരെ കേരളത്തിൽ നിന്ന് മാത്രം 13 കോടി രൂപയോളം കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide