തുർക്കിയിലെ യുഎസ് എയർബേസിനു നേരെ ജനരോഷം, സംഭവം ആൻ്റണി ബ്ലിങ്കൻ എത്തുന്നതിന് തൊട്ടു മുമ്പ്

അങ്കാറ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ തുർക്കിയിൽ എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തുർക്കിയിലെ ഇൻകീർക് എയർബേസിനു നേരെ കല്ലേറും കയ്യേറ്റ ശ്രമവും. പലസ്തീൻ അനുകൂലികളായ ഒരു വലിയ ജനക്കൂട്ടമാണ് രോഷാകുലരായി എയർബേസിനുനേരെ ആക്രമണത്തിന് തുനിഞ്ഞത്. പുറത്ത് വൻ പ്രകടനം നടത്തുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. തുർക്കി, പാലസ്തീൻ പതാകകൾ ഏന്തിയായിരുന്നു പ്രതിഷേധം. പൊലീസ് ബാരിക്കേഡുകൾ തകർത്ത് അകത്തു കയറാൻ പ്രതിഷേധിക്കാർ ശ്രമിച്ചു. എയർബേസ് അടച്ചുപൂട്ടണമെന്നും അവർ ആവശ്യപ്പെട്ടു.

പൊലീസ് കണ്ണീർവാതവും ജല പീരങ്കിയും ഉപയോഗിച്ച് പ്രതിഷേധക്കാരെ തുരത്തി. യുഎസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ് ഈ എയർബേസ്. സിറിയ അതിർത്തിയോട് ചേർന്നുള്ള ആ എയർബേസ് യുഎസിൻ്റെ മധ്യേഷ്യയിലെ തന്ത്രപ്രധാന സ്ഥലമാണ്.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ള രാജ്യങ്ങളിലൊന്നാണ് തുർക്കി. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങളെല്ലാം തുർക്കി ഉപേക്ഷിച്ചു . മാത്രമല്ല തുർക്കി പ്രസിഡൻ്റ് എർദോഗൻ നെതന്യാഹുവിനെതിരെ പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇസ്രയേലിൻ്റെ ഏറ്റവും അടുത്ത സംഖ്യകക്ഷിയായ അമേരിക്കയ്ക്ക് എതിരേയും വലിയ രോക്ഷമാണ് തുർക്കിയിൽ അലയടിക്കുന്നത്. ഇതിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ തുർക്കിയിൽ എത്തുന്നത്.

ഇന്നലെ പലസ്തീലെ റാമല്ലയിലെത്തിയ ബ്ലിങ്കൻ പലസ്തീൻ പ്രസിഡൻ്റ് മെഹമ്മൂദ് അബ്ബാസുമായി സംസാരിച്ചു. അതിനു ശേഷം ഇറാഖിൽ സന്ദർശനം നടത്തി. പലസ്തീൻ അതോറിറ്റിയുടെ വീക്ഷണവും അഭിപ്രായങ്ങളും പലസ്തീന്റെ പുനർനിർമാണത്തിന് ആവശ്യമാണെന്ന് അവിടെ വച്ച് ബ്ലിങ്കൻ ആവർത്തിച്ചിരുന്നു. ബഗ്ദാദിൽ നിന്ന് തുർക്കി തലസ്ഥാനമായ അങ്കാറയിലേക്കായിരുന്നു ബ്ലിങ്കൻ്റെ അടുത്ത യാത്ര.

അമേരിക്കയ്ക്ക് എതിരെ തുർക്കി തെരുവുകളിൽ വ്യാപക പ്രതിഷേധം അലയടിക്കുന്നുണ്ട് പ്രസിഡൻ്റ് തായിബ് എർദോഗൻ തന്നെ ബ്ലിങ്കനുമായി സംസാരിക്കില്ല എന്നാണ് ദേശീയ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്. അതിനായി എർദോഗൻ വടക്കൻ തുർക്കിയിലേക്ക് യാത്ര പുറപ്പെടുന്നു എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാനുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും. ഈയിടെയായി റഷ്യയുമായി തുർക്കി അടുക്കുന്നു എന്ന സൂചനകൾ നിലനിൽക്കുമ്പോൾ കൂടിയാണ് ബ്ലിങ്കൻ്റെ സന്ദർശനം.

More Stories from this section

family-dental
witywide