യാത്രക്കാരന്റെ ബോംബ് ഭീഷണി; പുണെ-ഡല്‍ഹി വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു

മുംബൈ: യാത്രക്കാരന്റെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് പൂനൈ-ഡല്‍ഹി വിമാനം അടിയന്തരമായി നിലത്തിറക്കി. പപുനെയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിനു ശേഷമാണ് തന്റെ ബാഗിനുള്ളില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ ഭീഷണിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളം ദൂരം സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കുകയായിരുന്നു.

വിമാനം ലാന്‍ഡ് ചെയ്ത് നടത്തിയ പരിശോധനയില്‍ നിന്ന് ബോംബ് ഭീഷണി വ്യാജമാണെന്ന കണ്ടെത്തിയതായി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ച രണ്ടരയോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിവരം മുംബൈ പോലീസില്‍ അറിയിച്ചിരുന്നു. പോലീസ് ഡോഗ് സ്‌ക്വാഡുമായി സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യാത്രക്കാരന്റെ ബാഗും മറ്റ് സാധനങ്ങളും പരിശോധിച്ചിരുന്നു. ഭീഷണി ഒഴിവായ സാഹചര്യത്തില്‍ രാവിലെ ആറു മണിയോടെ വിമാനം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

അതേസമയം ബാഗില്‍ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്‍ വിമാനം ടേക്ക് ഓഫ് ചെയ്തതിനു ശേഷം നെഞ്ചുവേദനയെത്തുടര്‍ന്ന് മരുന്ന് കഴിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന ബന്ധു പോലീസിനോട് പറഞ്ഞു. പിന്നീടാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തതിനു ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.