പഞ്ചാബിലെ കര്‍ഷക സമരം മൂന്നാം ദിനത്തിലേക്ക് : ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡൽഹി: പഞ്ചാബില്‍ കര്‍ഷകര്‍ നടത്തുന്ന ട്രെയിന്‍ തടയല്‍ സമരം മൂന്നാംദിനത്തിലേക്ക്. ട്രെയിൻതടയൽ സമരത്തെതുടർന്ന്‌ പഞ്ചാബിൽ ഇന്നും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സമീപകാലത്തുണ്ടായ പ്രളയംമൂലം കർഷകർക്കുണ്ടായ നഷ്‌ടം പരിഹരിക്കാന്‍ പാക്കേജ്‌ പ്രഖ്യാപിക്കണമെന്നത്‌ ഉൾപ്പെടെ ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. മോഗാ, ഹോഷിയാർപുർ, ഗുർദാസ്‌പുർ, ജലന്ധർ, സംഗ്രൂർ, പട്യാല, ഫിറോസ്‌പുർ, ഭട്ടിൻഡ, അമൃത്‌സർ തുടങ്ങിയ സ്ഥലങ്ങളിൽ സംഘടിച്ചെത്തിയ കർഷകർ റെയിൽ പാളങ്ങളിലിരുന്നു പ്രതിഷേധിച്ചു. ചണ്ഡീഗഢ്‌–- അംബാല ദേശീയപാതയും ഒരു സംഘം കർഷകർ ഉപരോധിച്ചു.

90 എക്‌സ്‌പ്രസ്‌ ട്രെയിനും 150 പാസഞ്ചർ ട്രെയിനും സർവീസുകള്‍ റദ്ദാക്കിയതായി നോർത്തേൺ റെയിൽവേ അറിയിച്ചു. ചിലത്‌ വഴിതിരിച്ചുവിട്ടു. ഇന്നു കൊണ്ട് സമരം അവസാനിക്കുമെന്ന് കിസാൻ മസ്‌ദൂർ സംഘർഷ്‌ സമിതി നേതാക്കൾ പറഞ്ഞു.

നഷ്ടപരിഹാര പാക്കേജിനു പുറമെ മിനിമം താങ്ങുവില നടപ്പാക്കുമെന്ന്‌ നിയമപരമായ ഉറപ്പ്‌ നൽകുക, ഡൽഹിയിലും മറ്റും പ്രതിഷേധിച്ച കർഷകർക്കെതിരെ റജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുക, പ്രക്ഷോഭങ്ങൾക്കിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചിട്ടുണ്ട്‌.
Punjab farmers rail roko protest enters 3rd day, train services hit

More Stories from this section

family-dental
witywide