കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ 53 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും സർവേയിൽ പറയുന്നു.
യുഡിഎഫിന് 69,490 വോട്ടും എൽഡിഎഫിന് 51,134 വോട്ടും ബിജെപി 6,555 വോട്ടും ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളിലെ ശതമാന കണക്കുകള്‍. ചാണ്ടി ഉമ്മന് 18,000 ല്‍ അധികം ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയും സർവേ പ്രവചിക്കുന്നു. ആകെ വോട്ടുരേഖപ്പെടുത്തിയവരില്‍ പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനവും സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനവും യുഡിഎഫിന് വോട്ട് ചെയ്തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇടതുമുന്നണിക്ക് പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനത്തിന്റെയും സ്ത്രീ വോട്ടര്‍മാരില്‍ 37 ശതമാനത്തിന്റെയും പിന്തുണ കിട്ടിയെന്നും എക്‌സിറ്റ് പോള്‍ കണക്കുകള്‍ പറയുന്നു. വിവിധ ബൂത്തുകളിൽ വോട്ട് ചെയ്‌തിറങ്ങിയ 509 വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സർവേ തയ്യാറാക്കിയത്. സെപ്റ്റംബർ എട്ടിനാണ് മണ്ഡലത്തിലെ ഫല പ്രഖ്യാപനം.