കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിഷൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് മണിക്കൂർ പിന്നിട്ട് അഞ്ച് റൗണ്ട് എണ്ണിത്തീർന്നപ്പോഴേക്കും ലീഡ് കുത്തനെ ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിലാണ്. ആദ്യഘട്ടത്തിലെ കുതിപ്പിൽ അണികളും ആവേശത്തോടെ ആഘോഷം തുടങ്ങി. അടിക്കടി ലീഡുയർത്തിയ ചാണ്ടിയുടെ ഭൂരിപക്ഷം 25,000 കവിഞ്ഞു. 2016ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33000 ആണ് മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
ഇടതു പക്ഷ ഭരണത്തിന്‍റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും കോണ്‍ഗ്രസിനും ലഭിക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭൂരിപക്ഷം 50000 മുകളിലെത്തും. മുഖ്യമന്ത്രി കൂടുതൽ ദിവസം പുതുപ്പള്ളിയിൽ ക്യാംപെയിൻ ചെയ്തിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെയെന്നും ചെന്നിത്തല പരിഹസിച്ചു.
അതേസമയം ആഘോഷത്തിന് തയ്യാറെടുത്തിരിക്കുകയാണ് ഇന്ദിരാഭവൻ. രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, എം എം ഹസ്സൻ തുടങ്ങിയവർ ഇന്ദിരാഭവനിൽ എത്തി.