കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് സഹോദരി മറിയ ഉമ്മന്‍. ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടേയും കുടുംബത്തിന്റേയും വിശ്വാസം. ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ ചാണ്ടി ഉമ്മനേയും പുതുപ്പള്ളിയിലെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും മറിയ ഉമ്മന്‍ പ്രതികരിച്ചു. വലിയ വിജയ പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്നും ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഫാക്ടർ ഉമ്മൻ ചാണ്ടിയാണെന്ന് അച്ചു ഉമ്മനും പ്രതികരിച്ചു. പുതുപള്ളി ഫലം വേട്ടയാടിയവരുടെ മുഖത്ത് കൊടുത്ത കനത്ത പ്രഹരമെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് ഏറ്റവും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് നൽകിയതെന്നും അവർ പ്രതികരിച്ചു.
ചാണ്ടി ഉമ്മന്റെ വിജയം പ്രതീക്ഷിച്ചത് തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചരിത്ര വിജയമായി മാറും. ഇടത് സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കും. സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ താക്കീത് ആയിരിക്കും ജനവിധിയെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, പുതുപ്പള്ളിയില്‍ ജയിച്ചാല്‍ അത് ലോകാത്ഭുതമായിരിക്കും എന്നായിരുന്നു സിപിഎം നേതാവ് എ.കെ ബാലന്റെ പ്രതികരണം. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്, അത് വരുമോ എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.