കോട്ടയം: പുതുപ്പള്ളിയില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിച്ച് ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ ആദ്യ ഏഴ് റൗണ്ട് കടന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 എന്ന സംഖ്യ ചാണ്ടി ഉമ്മൻ മറികടന്നു. അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
കമ്മ്യൂണിസമെന്ന പൈശാചികതയെ, കോൺഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങൾ നേരിട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചു. നാട് ജയിച്ചു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവൻ കോൺഗ്രസ് ആളിപ്പടർത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങൾക്ക് ഞങ്ങൾ വാക്ക് തരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, പുതുപ്പള്ളിയിൽ ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. ബി ജെ പി വോട്ടുകൾ കോൺഗ്രസിലേക്ക് പോയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആരോപിച്ചു. നമ്മുടെ വോട്ട് നമുക്ക് കിട്ടിയിട്ടുണ്ട്, മഴുവൻ ഫലവും വരട്ടെ, അതിന് ശേഷം അന്തിമ വിധി എഴുതാമെന്നും ജയരാജൻ പറഞ്ഞു.