കോട്ടയം: പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് ചാണ്ടി ഉമ്മന്‍. 36667 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 78649 വോട്ടും ജെയ്ക്ക് സി. തോമസ് 41982 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6486 വോട്ടും നേടി. 9044 എന്ന ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 36667 ആയി ഉയർത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 63,372 വോട്ടാണ് ഉമ്മന്‍ചാണ്ടിക്കു ലഭിച്ചത്. ജെയ്ക്കിന് 54328, ബിജെപിയുടെ എന്‍. ഹരിക്ക് 11,694 വോട്ടുമാണ് ലഭിച്ചിരുന്നത്. എല്‍ഡിഎഫിന് 12,346 വോട്ട് ഇത്തവണ കുറഞ്ഞു.
കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണർകാട് ഒഴികെ 7 പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടിയിരുന്നു. ഇത്തവണ എല്ലാ പഞ്ചായത്തുകളിലും ആധിപത്യം നേടാൻ ചാണ്ടി ഉമ്മന് കഴിഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തന്‍റെ വിജയം ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാം ജയമാണെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അപ്പയോടുള്ള പുതുപ്പള്ളിക്കാരുടെ സ്നേഹത്തിന് വലിയ നന്ദിയെന്നും ചാണ്ടി പറഞ്ഞു.
അതേസമയം ജനവിധി സ്വാഗതം ചെയ്യുന്നുവെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. പുതുപ്പള്ളിയുടെ പുതിയ എം എൽ എയ്ക്ക് ഭാവുകങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇടതു വോട്ടുകൾ മുഴുവൻ കിട്ടിയില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയ അടിത്തറ ദുർബലപ്പെട്ടിട്ടില്ലെന്നും ജെയ്ക് കൂട്ടിച്ചേർത്തു