പുതുപ്പള്ളിയില്‍ യുഡിഎഫിനുള്ളത് സ്വപ്‌നതുല്യമായ വിജയലക്ഷ്യം; നല്ല കമ്മ്യൂണിസ്റ്റുകാരും ചാണ്ടി ഉമ്മന് വോട്ട് ചെയ്യും

കോട്ടയം: പുതുപ്പള്ളിയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് പോളിങ് ദിനത്തിലേക്ക് കടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ടെന്നും എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

“യുഡിഎഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വപ്‌നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ട്. അതിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചത്. ഭൂരിപക്ഷം എത്രയാണെന്ന് പറയാന്‍ ഇപ്പോള്‍ ധൈര്യമില്ല. ഞാന്‍ പറഞ്ഞാലും ഭൂരിപക്ഷം അതൊക്കെ വിട്ടുപോകും. എല്ലാം ജനങ്ങളുടെ കയ്യിലാണ്. ഉമ്മന്‍ ചാണ്ടിക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ വികാരം കൂടി വന്നപ്പോഴാണ് ഞങ്ങള്‍ സ്വപ്‌നതുല്യമായ വിജയലക്ഷ്യം ഉറപ്പിച്ചത്,” വി.ഡി സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പലതരത്തിലും സി.പി.എം അധികാര ദുര്‍വിനിയോഗത്തിന് ശ്രമിച്ചു. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ചില സമുദായ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രചരണത്തിന്റെ അവസാന ആഴ്ച സി.പി.എം ശ്രമിച്ചു. ചാണ്ടി ഉമ്മന് ലഭിക്കുന്ന മഹാഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്. അതിനെയൊക്കെ മറികടക്കുന്ന പ്രചരണം യു.ഡി.എഫ് നടത്തിയിട്ടുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ ചെയ്ത എല്ലാ കാര്യങ്ങളും പുറത്ത് പറയാത്തത്. ജനങ്ങള്‍ക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

“53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. ലോകത്തെ എല്ലായിടത്തുമുള്ള മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി നില്‍ക്കുകയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എതിരാളികള്‍ വിചാരിച്ചാല്‍ അത് മായ്ച്ച് കളയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്‌നേഹവും അടുപ്പവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതോടൊപ്പം സര്‍ക്കാരിനെതിരായ ജനവികാരവും പ്രതിഫലിക്കും. കുടുംബയോഗങ്ങളില്‍ സര്‍ക്കാരിനെതിരെ ഞങ്ങള്‍ പറയാന്‍ വിട്ടുപോകുന്ന കാര്യങ്ങള്‍ സാധാരണക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിച്ച് പറയും. അത്രയും സര്‍ക്കാര്‍ വിരുദ്ധ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്.”

ആകാശം ഇടിഞ്ഞു വീണാലും കെ റെയില്‍ നടപ്പാക്കൂം കേട്ടോ… എന്നാണ് കെ റെയില്‍ കടന്നു പോകാത്ത തൃക്കാക്കരയില്‍ മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ കെ റെയില്‍ കടന്നു പോകുന്ന പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി അതേക്കുറിച്ച് ഒന്നു മിണ്ടിയില്ല. എന്തേ ആകാശം ഇടിഞ്ഞു വീണോ? ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രഖ്യാപനങ്ങളായിരുന്നു ഇതൊക്കെ. കേന്ദ്രത്തിന്റെ അനുമതിയുമായി വന്നാലും കെ റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് യു.ഡി.എഫിനുള്ളതെന്ന് വി.ഡി സതീശൻ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്യും. ഈ പോക്ക് പോയാല്‍ ബംഗാളിലെ സ്ഥിതി കേരളത്തിലും ഉണ്ടാകുമെന്ന് നല്ല കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്നുണ്ട്. ആ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയും താരതമ്യം ചെയ്യാനുള്ള അവസരം സി.പി.എം തന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

More Stories from this section

family-dental
witywide