കുഞ്ഞിന് എന്തു പേരിടണം? തര്‍ക്കം കോടതിയില്‍, ഒടുവില്‍ കുട്ടിക്ക് ഹൈക്കോടതി പേരിട്ടു

കൊച്ചി: ഒരു കുഞ്ഞിന് പേരിടാന്‍ ആര്‍ക്കാണ് അവകാശം? സാധാരണ മാതാപിതാക്കള്‍ കൂട്ടായ തീരുമാനത്തില്‍ എത്തുകയാണ് ചെയ്യുക. എന്നാല്‍ മാതാപിതാക്കള്‍ രണ്ട് ധ്രുവങ്ങളിലുള്ളവരാണെങ്കിലോ? അപ്പോള്‍ കോടതി തന്നെ പേരിടും.. അതാണ് ഇവിടെയും സംഭവിച്ചത്.

കുട്ടിയുടെ പേരിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ തര്‍ക്കത്തില്‍ നിയമപ്പോരാട്ടം തുടരുന്നതിനിടെ കുട്ടിക്ക് കേരള ഹൈക്കോടതി പേരിട്ടു. രക്ഷിതാക്കള്‍ക്കിടയിലെ തർക്കം പരിഹരിക്കാൻ കാലതാമസമെടുക്കുമെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. പേരിന്റെ അഭാവം കുട്ടിയുടെ ക്ഷേമത്തിന് തടസ്സമാകുമെന്ന് നിരീക്ഷിച്ച കോടതി മാതാവിന്റെയും പിതാവിന്റെയും ആവശ്യങ്ങളും നിയമസാധുതയും പരിഗണിച്ച് കുട്ടിക്ക് പേര് നിർദേശിക്കുകയായിരുന്നു.

“മാതാപിതാക്കളുടെ അവകാശങ്ങളല്ല, കുട്ടിയുടെ ക്ഷേമത്തിനാണ് പരിഗണന. പേര് തിരഞ്ഞെടുക്കുമ്പോൾ കുട്ടിയുടെ ക്ഷേമം, സാംസ്കാരിക പരിഗണനകൾ, മാതാപിതാക്കളുടെ താൽപ്പര്യങ്ങൾ, സാമൂഹിക മാനദണ്ഡങ്ങൾ തുടങ്ങിയ ഘടകങ്ങൾ കോടതിക്ക് കണക്കിലെടുക്കാം. ആത്യന്തിക ലക്ഷ്യം, കുട്ടിയുടെ ക്ഷേമമാണ്. അതിനാൽ, കുട്ടിയുടെ പേര് തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കാൻ കോടതി നിർബന്ധിതമായിരിക്കുന്നു” കോടതി വ്യക്തമാക്കി.

നിർദിഷ്ട കേസിൽ, ദമ്പതികൾ തമ്മിലുള്ള ബന്ധത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. കുട്ടി ഉണ്ടായശേഷം അത് കൂടുതൽ വഷളായി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേരുണ്ടായിരുന്നില്ല. എന്നാൽ, സ്കൂളിൽ ചേർക്കുമ്പോൾ, രേഖകളിൽ പേര് വേണമെന്ന് അധികൃതർ അറിയിക്കുകയും പേരില്ലാത്ത ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. പരാതിക്കാരിയായ അമ്മ കുട്ടിക്ക് ‘പുണ്യ നായർ’ എന്ന പേര് റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, പേര് റജിസ്റ്റർ ചെയ്യാൻ രക്ഷിതാക്കളായ രണ്ടുപേരുടെയും സാന്നിധ്യം വേണമെന്ന്റജിസ്ട്രാർ നിർബന്ധിച്ചു. കുട്ടിക്ക് പദ്മ നായർ എന്ന് പേരിടാൻ പിതാവ് അഭിപ്രായപ്പെട്ടതിനാൽ വിഷയത്തിൽ സമവായത്തിലെത്താൻ ദമ്പതികൾക്ക് കഴിഞ്ഞില്ല.

തുടർന്ന്, പുണ്യ നായർ എന്ന പേര് നൽകാൻ പിതാവിനെ നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ കുടുംബകോടതിയെ സമീപിച്ചു. ജനന സർട്ടിഫിക്കറ്റിന്റെ നടപടികൾക്കായി ആലുവ നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ ഹാജരാകാൻ കുടുംബ കോടതി ഇരുവരോടും നിർദ്ദേശിച്ചിരുന്നു.

എന്നാൽ, നിയമപ്രകാരം കുട്ടിയുടെ പേരിനായി അപേക്ഷിക്കേണ്ടത് ‘രക്ഷിതാവ്’ ആണെന്ന് കണ്ടെത്തിയ കോടതി, ഇത് അമ്മയോ അച്ഛനോ ആകാമെന്ന് നിരീക്ഷിച്ചു. കുട്ടിയുടെ പേര് റജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെയെന്ന് ഇവരിൽ ആർക്ക് വേണമെങ്കിലും റജിസ്റ്റർ ഓഫിസിൽ അറിയിക്കാമെന്നും കോടതി പറഞ്ഞു.

“കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സന്ദർഭങ്ങളിൽ, അവരിൽ ഒരാൾക്ക് പേര് നൽകാൻ ജനന-മരണ റജിസ്ട്രാർ മുമ്പാകെ ഹാജരാകാം. എന്നാൽ, ഇരുവരും ഹാജരാകേണ്ടത് നിർബന്ധമാണെന്ന് നിയമം നിഷ്കർഷിക്കുന്നില്ല.” കോടതി പറഞ്ഞു. മാതാപിതാക്കളിൽ ആരെങ്കിലും പിന്നീട് പേര് തിരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് അതിനുള്ള നിയമനടപടികൾ ആരംഭിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.

കേസിന്റെ വസ്തുതകൾ കണക്കിലെടുത്ത്, കുട്ടിയെ നിലവിൽ സംരക്ഷിക്കുന്ന അമ്മ നിർദേശിച്ച പേരിന് അർഹമായ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി, പിതൃത്വത്തിൽ തർക്കമില്ലാത്തതിനാൽ, പിതാവിന്റെ പേരുകൂടി കുട്ടിയുടെ പേരിനോട് ചേർക്കണമെന്ന് അറിയിച്ചു. കുട്ടിക്ക് ‘പുണ്യ ബാലഗംഗാധരൻ നായർ’ എന്ന പേര് കോടതി നിർദേശിക്കുകയും ചെയ്തു. കുട്ടിയുടെ പേര് പുണ്യ ബി നായർ എന്നാക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യം അംഗീകരിച്ച കോടതി, റജിസ്ട്രാറെ സമീപിക്കാനും അപേക്ഷ നൽകാനും ആവശ്യപ്പെട്ടു. കൂടാതെ, മാതാപിതാക്കളുടെ സാന്നിധ്യമോ സമ്മതമോ ഇല്ലാതെ പേര് റജിസ്റ്റർ ചെയ്യാമെന്ന് രജിസ്ട്രാർക്ക് നിർദേശവും നൽകി.

More Stories from this section

family-dental
witywide