മാലിന്യക്കൂമ്പാരത്തിൽ നിന്നും ആക്രിക്കാരന് ലഭിച്ചത് 25കോടി മൂല്യമുള്ള ഡോളർക്കെട്ട്

ബെംഗളൂരു: ബംഗളൂരുവിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ആക്രി പെറുക്കുന്നയാൾക്ക് ലഭിച്ചത് 25 കോടി രൂപ വിലമതിക്കുന്ന യുഎസ് ഡോളറിന്റെ 23 കെട്ടുകൾ. നവംബർ ഒന്നിനാണ് ബെംഗളൂരുവിൽനിന്ന് സൽമാൻ ഷെയ്ക് എന്നയാൾക്ക് പണം ലഭിച്ചത്.

അപ്രതീക്ഷിതമായി ഇത്രയും പണം ലഭിച്ച സൽമാൻ ഷെയ്ക് ആശ്ചര്യപ്പെട്ടു. ആദ്യം അദ്ദേഹം ഈ പണം തന്റെ പക്കൽ സൂക്ഷിക്കുകയും നവംബർ 5 ന് തന്റെ മുതലാളി ബപ്പയുടെ അടുത്തേക്ക് കാര്യം പറയുകയും പണം അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു.

ബപ്പ പിന്നീട് സാമൂഹ്യ പ്രവർത്തകൻ കാളി മുല്ലയെ ബന്ധപ്പെടുകയും അദ്ദേഹം ഇക്കാര്യം പൊലീസിനെ അറിയിക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ അവരെ വിളിച്ചുവരുത്തി.

കേസിന്റെ അന്വേഷണ ചുമതല ഹെബ്ബാള് പൊലീസ് സ്‌റ്റേഷനാണ്. നോട്ടുകളിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ട്, ഇത് ഡോളർ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനമാണെന്ന് പൊലീസ് സംശയിക്കുന്നു.

കറൻസി നോട്ടുകൾ വ്യാജമാണോ യഥാർത്ഥമാണോ എന്നറിയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.