ഇന്ത്യക്കാരുടെ പോക്കറ്റില്‍ നിന്ന് അദാനി 32000 കോടി രൂപ കൊള്ളയടിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്തോനേഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇന്ത്യയില്‍ വില്‍ക്കുന്നത് ഇരട്ടി വിലയ്ക്കാണ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. കല്‍ക്കരി വില വര്‍ദ്ധിപ്പിച്ച അദാനി രാജ്യത്തെ സാധാരണക്കാരുടെ 32000 കോടി രൂപ കൈക്കലാക്കി എന്നും അദ്ദേഹം ആരോപിച്ചു.
അദാനിയെ സംരക്ഷിക്കുന്നത് ഒരു വ്യക്തിയാണെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി എന്തുകൊണ്ട് അദാനിക്കെതിരെ അന്വേഷണം നടത്തുന്നില്ല എന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. പ്രധാനമന്ത്രി പതിവു പോലെ അദാനിയെ സംരക്ഷിക്കുന്നത് തുടരുകയാണ്. പ്രധാനമന്ത്രിയുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ അദാനിക്കെതിരെ വാര്‍ത്ത നല്‍കാന്‍ മടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 2024 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി അദാനിക്കെതിരെ ആരോപണങ്ങളുന്നയിച്ചത്.