‘അപശകുനം’ എത്തിയതോടെ ടീം ഇന്ത്യ തോറ്റു; ലോകകപ്പ് പരാജയത്തിൽ മോദിയെ പരിഹസിച്ച് രാഹുല്‍

ന്യൂഡൽഹി: ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഇന്ത്യയുടെ ഹൃദയഭേദകമായ തോൽവിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

രാജസ്ഥാനിലെ ബലോത്രയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ, അഹമ്മദാബാദിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ തോറ്റത് പ്രധാനമന്ത്രി മോദി പങ്കെടുത്തതുകൊണ്ടാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.

“ഇന്ത്യന്‍ ക്രിക്കറ്റ് ടീം നന്നായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലോകകപ്പ് നേടേണ്ടതായിരുന്നു. ഇതിനിടയിലാണ് ദുശ്ശകുനം സ്‌റ്റേഡിയത്തിലെത്തിയത്. ഇതോടെ, വിധി ഇന്ത്യക്ക് എതിരായി. അപശകുനം ടീമിന്റെ പരാജയത്തിലേക്ക് നയിച്ചു,” എന്നായിരുന്നു രാഹുലിന്റെ പരിഹാസം. രാഹുൽ സംസാരിക്കുന്നതിന്റെ വീഡിയോ കോൺ​ഗ്രസ് തങ്ങളുടെ ഔദ്യോ​​ഗിക എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മോദിക്കെതിരായ രാഹുലിന്റെ ലജ്ജാകരമാണെന്നും രാഹുൽ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശം ലജ്ജാകരവും അപലപനീയവും അപമാനകരവുമാണെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.

“രാഹുൽ തനി നിറം കാണിച്ചു, എന്നാൽ അദ്ദേഹത്തിന്റെ അമ്മ സോണിയാഗാന്ധി അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിയെ “മരണത്തിന്റെ വ്യാപാരി” എന്ന് വിളിച്ചതിന് ശേഷം ഗുജറാത്തിൽ കോൺഗ്രസ് എങ്ങനെ മുങ്ങിപ്പോയെന്ന് അദ്ദേഹം ഓർക്കണം.”

“പ്രധാനമന്ത്രിയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ഞാൻ ശക്തമായി അപലപിക്കുന്നു,” കോൺഗ്രസ് നേതാവിന്റെ പരാമർശത്തെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോൾ പ്രസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആസന്നമായ പരാജയം കണ്ട് നിരാശനായാണ് പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തിയതെന്ന് ബിജെപി നേതാവ് ആരോപിച്ചു.

നവംബര്‍ 19-ന്‌ അഹമ്മദാബാദില്‍ വച്ച് നടന്ന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രമന്ത്രി അമിത് ഷായുടേയും സാന്നിധ്യത്തിലായിരുന്നു ടീമിന്‍റെ പരാജയം.

More Stories from this section

family-dental
witywide