ഭാരത് ജോഡോ യാത്ര രണ്ടാം ഭാഗം; രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര മണിപ്പൂര്‍ മുതല്‍ മുംബൈ വരെ

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ‘ഭാരത് ന്യായ് യാത്ര’യുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്ത മാസം 14ന് ആരംഭിക്കുന്ന യാത്ര രാജ്യത്തെ 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയാണ് യാത്ര. കലാപം കലുഷിതമാക്കിയ മണിപ്പൂരിൻ്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നാകും യാത്ര ആരംഭിക്കുക. അവിടെനിന്ന് 6200 കിലോമീറ്റർ പിന്നിട്ട് മഹാരാഷ്ട്രയിലെ മുംബൈയിൽ സമാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.

കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി റാലി നടത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് റാലി ഫ്ലാഗ് ഓഫ് ചെയ്യുക. ഭാരത് ജോഡോ യാത്രയിൽനിന്ന് വ്യത്യസ്തമായി ബസിലായിരിക്കും യാത്ര. ചെറിയ ദൂരം മാത്രമാകും കാൽനടയായി സഞ്ചരിക്കുക. കൂടുതൽ ആളുകൾക്ക് ഉപയോഗപ്രദമാകാൻ ലക്ഷ്യമിട്ടാണ് പുതിയ രീതിയെന്നാണ് വിശദീകരണം.

2022 സെപ്റ്റംബറിലായിരുന്നു കന്യാകുമാരിയിൽനിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ചുമാസം നീണ്ട യാത്രയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. 2023 ജനുവരിയിൽ ശ്രീനഗറിലായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപനം.

More Stories from this section

family-dental
witywide