ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി പരിഹസിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എംപിമാരുടെ സസ്പെൻഷൻ അടക്കമുള്ള യഥാർഥ വിഷയങ്ങളിൽ മാധ്യമങ്ങൾ ചർച്ച നടത്തുന്നില്ല. അദാനിയെ കുറിച്ച് ചർച്ചയില്ല, റഫാലിനെ കുറിച്ച് ചർച്ചയില്ല, തൊഴിലില്ലായ്മയെ കുറിച്ച് ചർച്ചയില്ല, എംപിമാർ നിരാശരായി പുറത്തിരിക്കുമ്പോൾ മിമിക്രിയെ കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
”എം.പിമാർ പ്രതിഷേധവുമായി അവിടെയിരിക്കുന്നു. ഞാനവരുടെ വിഡിയോ ഷൂട്ട് ചെയ്തു. എന്റെ വിഡിയോ എന്റെ ഫോണിൽ തന്നെയുണ്ട്. മീഡിയക്ക് കാണിച്ചുകൊടുത്തതുമാണ്. ആരും തെറ്റായി ഒന്നും പറഞ്ഞില്ല. ആകെയുള്ള 150 പ്രതിപക്ഷ എം.പിമാരിൽ 143 പേരെയും പുറത്താക്കിയതിനെ കുറിച്ച് മാധ്യമങ്ങളിൽ ഒരു വിധത്തിലുള്ള ചർച്ചയുമില്ല. അദാനി വിഷയത്തിലും ചർച്ചയില്ല. റാഫേലിനെ കുറിച്ചും മിണ്ടുന്നില്ല. തൊഴിലില്ലായ്മയെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. തകർന്ന ഹൃദയവുമായി ഞങ്ങളുടെ എം.പിമാർ പുറത്തിരിക്കുകയാണ്. നിങ്ങളതെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്.”-രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
സുരക്ഷാ വീഴ്ചയും സസ്പെൻഷനും ചോദ്യംചെയ്ത് പ്രതിപക്ഷ എംപിമാർ ഇന്നലെ പാർലമെന്റ് വളപ്പിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി ജഗ്ദീപ് ധൻകറെ അനുകരിച്ചത്. രാഹുൽ ഗാന്ധി ഈ വീഡിയോ മൊബൈലിൽ പകർത്തിയിരുന്നു. തന്റെ സമുദായത്തെയും പശ്ചാത്തലത്തെയും അപമാനിച്ചുവെന്നാണ് ഇതിനോട് ധൻകർ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ജാട്ട് സമുദായം ഇന്ന് എഐസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മിമിക്രി രാഷ്ട്രീയ ആയുധമാക്കി, സുരക്ഷാ വീഴ്ചയ്ക്കെതിരെയും സസ്പെൻഷനെതിരെയും പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.