തക്കാളി വിലയെ ചൊല്ലി കരഞ്ഞ രാമേശ്വർ രാഹുലിന്റെ വീട്ടിലെത്തി, അതിഥിയായി

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിൽ വൈറലായ കച്ചവടക്കാരനെ ഡൽഹിയിലെ വസതിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ് എംപി രാഹുൽ ​ഗാന്ധി. ഒരു ചാനൽ‌ അഭിമുഖത്തിനിടെ കച്ചവടം കുറഞ്ഞ് പണം ലഭിക്കാത്തതിനാൽ വാക്കുകളില്ലാതെ വിതുമ്പി നിന്ന കച്ചവടക്കാരനെയാണ് രാഹുൽ വീട്ടിലേക്ക് ക്ഷണിച്ച് ഒപ്പം ഭക്ഷണവും കഴിച്ചത്. രാമേശ്വർ എന്ന ഈ കച്ചവടക്കാരന്റെ ചിത്രം പങ്കുവെച്ച രാഹുൽ അടിസ്ഥാന മനുഷ്യൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

“രാമേശ്വർ ജി ഒരു അടിസ്ഥാന മനുഷ്യനാണ്! കോടിക്കണക്കിന് ഇന്ത്യക്കാരുടെ സൗഹാർദ്ദപരമായ സ്വഭാവത്തിന്റെ ഒരു നേർക്കാഴ്ച അദ്ദേഹത്തിൽ കാണാം. പ്രതികൂല സാഹചര്യങ്ങളിലും പുഞ്ചിരിയോടെ മുന്നേറുന്നവർ യഥാർത്ഥത്തിൽ ‘ഭാരത് ഭാഗ്യ വിധാതാ’രാണ്,” രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കോൺ​ഗ്രസിന്റെയും പ്രിയങ്ക ​ഗാന്ധിയുെടെയും ഔ​ദ്യോ​ഗിക ട്വിറ്റർ ഹാൻഡിലുകളിലും രാഹുൽ കച്ചവടക്കാരനെ കാണുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുടെ നായകനെ കാണണമെന്ന രാമേശ്വർ ജിയുടെ ആ​ഗ്രഹം സഫലമായി എന്ന തലക്കെട്ടോടെ കോൺ​ഗ്രസ് ചിത്രം പങ്കുവെച്ചത്.

ജൂലൈയിൽ, പണപ്പെരുപ്പം മൂലമുള്ള തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുന്നതിനിടെ രാമേശ്വർ വാക്കുകളില്ലാതെ വിതുമ്പുന്ന വീഡിയോ വൈറലായിരുന്നു. ന്യൂസ് മീഡിയ പ്ലാറ്റ്‌ഫോമായ ദി ലാലൻടോപ്പിനോട് സംസാരിക്കുന്നതിനിടെയാണ് രാമേശ്വർ തന്റെ അവസ്ഥ നിശബ്ദനായി പങ്കുവെച്ചത്.

“തക്കാളിയുടെ വില വല്ലാതെ കൂടുതലാണ്. വാങ്ങാൻ ആവശ്യമായ പണം കയ്യിലില്ല. ഈ പച്ചക്കറികൾ എന്ത് വിലയ്ക്ക് വിൽക്കാൻ കഴിയുമെന്ന് പോലും ‍എനിക്ക് ഉറപ്പില്ല. അവ മഴയിൽ നനയുകയോ സ്റ്റോക്കിന് എന്തെങ്കിലും സംഭവിക്കുകയോ ചെയ്താൽ ഞങ്ങൾക്ക് നഷ്ടം സംഭവിക്കും,” തന്റെ മൊത്തവ്യാപാരകേന്ദ്രത്തിലേക്ക് തക്കാളി വാങ്ങാൻ മകനോടൊപ്പം ഡൽഹിയിലെ ആസാദ്പൂർ മാണ്ഡി മാർക്കറ്റ് സന്ദർശിച്ച രാമേശ്വർ പറ‍ഞ്ഞു.