മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ നവകേരള സദസ്സിനുവേണ്ടിയിറക്കിയ ആഡംബര ബസ്സിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ധൂര്‍ത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സര്‍വ്വ ചട്ടങ്ങളും ലംഘിച്ച് ആഡംബര ബസ്സ് വാങ്ങുന്നുവെന്നാണ് രാഹുല്‍ വിമര്‍ശിച്ചത്. അതേസമയം മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ റോബിന്‍ ബസിനെ അനുകൂലിച്ചും രാഹുല്‍ സോഷ്യല്‍മീഡിയയില്‍ എഴുതി.
‘രണ്ട് ബസ്സുകള്‍ ഓടിത്തുടങ്ങി. ഒന്ന്. ഒരു സാധാരണക്കാരനായ അംഗപരിമിതന്‍ തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക്‌ലോണുമൊക്കെയെടുത്ത് ഒരു ബസ്സ് വാങ്ങുന്നു. ആ ബസ്സിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിനീളെ ഫൈന്‍ നല്കുന്നു. റോബിന്‍ ബസ്സ്. രണ്ട്. ഒരു ധൂര്‍ത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സര്‍വ്വ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ്സ് വാങ്ങുന്നു. ആ ബസ്സിനു വഴിനീളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്കുന്നു. റോബറി ബസ്സ്. സാധാരണക്കാരുടെ ബസ്സും കൊള്ളക്കാരുടെ ബസ്സും ഒരുമിച്ച് ഓടുന്ന നവകേരളം.’ എന്നായിരുന്നു രാഹുല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
കളര്‍കോഡിന്റെയും മറ്റു മോഡിഫിക്കേഷന്റെയും പേരില്‍ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ നേരത്തെ കര്‍ശന നടപടിയെടുത്ത ഗതാഗത വകുപ്പ് സര്‍ക്കാരിന്റെ നവകേരള സദസ്സിനായുള്ള ആഢംബര ബസ്സിനുവേണ്ടി പ്രത്യേക ഇളവുകളാണ് നല്‍കിയിരിക്കുന്നത്. ബസ്സിനായി പ്രത്യേക ഇളവുകള്‍ക്കായി കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
നവകേരള ബസ്സിനുള്ള ആഡംബര ബസ്സിന്റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കളര്‍ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് വെള്ള നിറം വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ഇതിലും നവകേരള ബസിന് ഇളവ് നല്‍കി. ചോക്ലേറ്റ് ബ്രൗണ്‍ നിറമാണ് ബസ്സിന് നല്‍കിയിരിക്കുന്നത്.