കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടുന്ന രാജസ്ഥാനിൽ ഇന്ന് വോട്ടെടുപ്പ്. ആകെയുള്ള 200 സീറ്റുകളിൽ 200 ലും ബിജെപി മൽസരിക്കുമ്പോൾ 199 ൽ കോൺഗ്രസ് മൽസരിക്കുന്നു. ഒരു സീറ്റ് സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദളിന്.
കോൺഗ്രസ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് ശ്രീഗംഗാറാം ജില്ലയിലെ കരൺപുർ മണ്ഡലത്തിൽ തെഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കയാണ്. 51756 പോളിങ് ബൂത്തുകളുണ്ട് സജ. ആകെ വോട്ടർമാർ 5.26 കോടി. തെലങ്കാനയിൽ നവംബർ 30 നാണ്
ഇരുപാർട്ടികളിലും ഉൾപ്പാർട്ടി പോര് അതിരൂക്ഷമാണ്. അശോക് ഗെലോട്ടിനെ താൽപ്പര്യമില്ലാത്തതിനാൽ രാഹുൽ ഗാന്ധി രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയില്ല.ബിജെപിയിൽ മുൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ സ്ഥിതിയും സമാനമാണ്. മോദി ഷാ കൂട്ടുകെട്ടിന് വസുന്ധരയെ താൽപ്പര്യമില്ല. ജയ്‌പുർ രാജകുടുംബാംഗം ദിയാകുമാരി ഉൾപ്പെടെ ഏഴ് എംപിമാരെ സ്ഥാനാർഥികളാക്കിയതും അക്കാരണത്താലാണ്. സിറ്റിങ് എംഎൽഎമാർ കൂട്ടത്തോടെ മത്സരിക്കുന്നത് കോൺഗ്രസിന് പ്രതികൂല ഘടകമാണ്. ഭൂരിഭാഗം മണ്ഡലങ്ങളിലും എംഎൽഎമാർക്കെതിരായി ജനവികാരമുണ്ട്. പ്രകടനപത്രികയിൽ ഒട്ടനവധി ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് എംഎൽഎമാർക്കെതിരായ ജനവികാരത്തെ മറികടക്കാനാണ് കോൺഗ്രസ് ശ്രമം. 25 മണ്ഡലത്തിൽ ബിജെപി വിമതപ്രശ്‌നം നേരിടുന്നുണ്ട്. അമിത് ഷാ നേരിട്ട് രംഗത്ത് ഇറങ്ങിയെങ്കിലും വലിയ പ്രയോജനമുണ്ടായില്ല. 15 മണ്ഡലത്തിൽ കോൺഗ്രസിനും വിമതരുണ്ട്.
200 അംഗ നിയമസഭയിൽ ഇരു പാർടിയും 100 കടക്കാത്ത സാഹചര്യവും തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കിൽ ഭാരതീയ ട്രൈബൽ പാർടി, രാഷ്ട്രീയ ലോക്‌താന്ത്രിക് പാർടി, ആസാദ് സമാജ് പാർടിയും ചേർന്നുള്ള സഖ്യം, സിപിഎം, ബിഎസ്‌പി തുടങ്ങിയ പാർടികളും ജയിച്ചുവരുന്ന സ്വതന്ത്രരും അടുത്ത സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.
രാജസ്ഥാനിൽ കഴിഞ്ഞ ആറ് നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്–- ബിജെപി ഇതര പാർടികൾക്കെല്ലാമായി 20–-25 ശതമാനം വോട്ടുണ്ട്. 2018ൽ 27 സീറ്റിൽ ജയിച്ചത് കോൺഗ്രസ്–- ബിജെപി ഇതര സ്ഥാനാർഥികളാണ്. ഇക്കുറിയും സ്ഥിതി സമാനം. ഡിസംബർ 3 നാണ് ഫലം
Rajastan goes to polls today