അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയിൽ രാമരാജ്യത്തിന് തുടക്കം കുറിക്കും: യോഗി ആദിത്യനാഥ്

റായ്പുർ: ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം ഇല്ലാതെ, ഇന്ത്യയിൽ രാമരാജ്യത്തിന്റെ തുടക്കമായിരിക്കും അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമരാജ്യത്തിനാണ് തറക്കല്ലിട്ടതെന്ന് ആദിത്യനാഥ് പറഞ്ഞു. പുരാതന കാലത്ത് മികച്ച ക്ഷേമഭരണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതായിരുന്നു രാമരാജ്യം. ദരിദ്രർക്ക് വീടും ശുചിമുറിയും കുടിവെള്ളവും ആരോഗ്യ ഇൻഷുറൻസും ഉൾപ്പെടെയുള്ള പദ്ധതികൾ വഴി കേന്ദ്രത്തിലെ കഴിഞ്ഞ ഒൻപതര വർഷക്കാലത്തെ ഭരണത്തിലൂടെ മോദി അതിനു തുടക്കമിട്ടിരിക്കുകയാണെന്നും ആദിത്യനാഥ് വ്യക്തമാക്കി.

ഛത്തീസ്ഗഡിലെ കോന്റയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ആദിത്യനാഥ്. ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ലൗ ജിഹാദിനെയും മതംമാറ്റത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘‘അയോധ്യയിൽ അടുത്ത ജനുവരിയോടു കൂടി രാമക്ഷേത്ര നിർമാണം പൂർത്തിയാകും. ശ്രീരാമന്റെ മാതൃനാട് എന്ന നിലയിൽ യുപിയിലെ ജനങ്ങളേക്കാൾ ഇതിൽ സന്തോഷം കൊള്ളുന്നത് ഛത്തീസ്ഗഡിലെ ജനങ്ങളായിരിക്കും. അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതിലൂടെ രാജ്യത്ത് രാമരാജ്യത്തിന് തുടക്കമാകും. ജാതിയുടെയോ മതത്തിന്റെയോ പേരിൽ യാതൊരു വേർതിരിവും ഇല്ലാത്ത ഭരണമെന്നതാണ് രാമരാജ്യം എന്നതു കൊണ്ട് അർഥമാക്കുന്നത്. എല്ലാ പദ്ധതികളുടെയും ഗുണഫലം എല്ലാവരിലും എത്തും. അതിൽ ദരിദ്രരെന്നോ ആദിവാസികളെന്നോ വ്യത്യാസമില്ല. എല്ലാവർക്കും സുരക്ഷയും സൗകര്യങ്ങളും അവകാശങ്ങളും ഉണ്ടാകും. ഇത് രാമരാജ്യമാണ്,” യോഗി ആദിത്യനാഥ് പറഞ്ഞു.

More Stories from this section

family-dental
witywide