അയോവ: വ്യാഴാഴ്ച അയോവയിലെ ഗ്രിനെല്ലിൽ പ്രചാരണം നടത്തുന്നതിനിടെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിയുടെ കാറിന് നേരെ ആക്രമണം. പ്രതിഷേധക്കാർ രാമസ്വാമിയുടെ കാറിലേക്ക് തങ്ങളുടെ കാർ കൊണ്ടുവന്ന് ഇടിക്കുകയായിരുന്നു. ആക്രമണത്തിന്റെ സമയത്ത് വിവേക് രാമസ്വാമി കാറിൽ ഉണ്ടായിരുന്നില്ല.
പ്രതിഷേധത്തിന്റെ സ്വഭാവം വ്യക്തമല്ല. എന്നാൽ രാമസ്വാമിയുടെ പ്രചരണ സംഘം പുറത്തുവിട്ട ഒരു വീഡിയോയിൽ, “ട്രാൻസ് അവകാശങ്ങൾ മനുഷ്യാവകാശങ്ങളാണ്”, “പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുക”, “ഫോസിൽ ഇന്ധനങ്ങൾ നിർത്തുക”, “കാലാവസ്ഥാ വ്യതിയാനം യഥാർത്ഥമാണ്. ” എന്നിങ്ങനെ എഴുതിയ ബോർഡുകൾ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ആളുകളുമായി വിവേക് രാമസ്വാമി സംസാരിക്കുന്നത് കാണാം. പ്രതിഷേധക്കാരെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് കാമ്പയിൻ ടീം പ്രതികരിച്ചില്ല.
ഫെഡറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ നിർത്തലാക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തള്ളിക്കളയാനും ട്രാൻസ്‌ജെൻഡർ ആകുന്നത് ഒരു “മാനസിക ആരോഗ്യ വൈകല്യം” ആണെന്നും ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും പ്രകോപനപരമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ആളാണ് സംരംഭകൻ കൂടിയായ വിവേക് രാമസ്വാമി.
“ഞാൻ അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു, പ്രത്യേകിച്ച് എന്നോട് വിയോജിക്കുന്നവരുടെ. അക്രമം ഒരിക്കലും പരിഹാരമല്ല,” സംഭവത്തോട് പ്രതികരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ രാമസ്വാമി പറഞ്ഞു.
മറ്റൊരു പോസ്റ്റിൽ, പ്രതിഷേധക്കാരിൽ പലരുമായും താൻ ആരോഗ്യകരമായ ചർച്ചയിൽ ഏർപ്പെട്ടെന്നും തന്റെ കാർ ഇടിച്ച രണ്ട് പേർ മാത്രമേ ഉത്തരവാദിത്തം ഏൽക്കേണ്ടതുള്ളൂവെന്നും വിവേക് രാമസ്വാമി പറഞ്ഞു.
“രണ്ട് പേരുടെ മോശം പെരുമാറ്റത്തിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ബാക്കിയുള്ളവരെ അധിക്ഷേപിക്കരുത്,” അദ്ദേഹം പറഞ്ഞു.