ആർബിഐക്ക് ബോംബ് ഭീഷണി; ആവശ്യം നിർമല സീതാരാമന്റെ രാജി

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ആസ്ഥാനത്തിന് ബോംബ് ഭീഷണി. ഇ–മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് മുംബൈയിലെ 11 സ്ഥലങ്ങളിലായി 11 ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നാണ് ഇ–മെയിലിൽ പറഞ്ഞിരുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഫിസുകളും പട്ടികയിലുണ്ട്.

ആർബിഐയിൽ ഉൾപ്പടെ പ്രമുഖ ബാങ്കുകളിൽ ബോംബ് വെച്ചിട്ടുണ്ട്. രാജ്യത്തെ ബാങ്കുകൾ വലിയ അഴിമതി നടത്തിയിട്ടുണ്ട്. ആർബിഐ ഗവർണർ ശക്തികാന്ത ദാസിനും ധനകാര്യമന്ത്രി നിർമലസീതാരാമനും അഴിമതിയിൽ പങ്കുണ്ട്. ബാങ്കിങ് മേഖലയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കും അഴിമതിയിൽ പങ്കുണ്ടെന്നും ഇമെയിൽ സന്ദേശത്തിൽ ആരോപിക്കുന്നുണ്ട്.

‘‘ഞങ്ങൾ 11 ബോംബുകളാണ് മുംബൈയിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് സ്വകാര്യമേഖലാ ബാങ്കുകളോടൊപ്പം ആർബിഐയും നടത്തിയത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, ധനമന്ത്രി നിർമല സീതാരാമൻ, ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥർ, ഇന്ത്യയിലെ ചില പ്രശസ്ത മന്ത്രിമാർ എന്നിവർ ഉൾപ്പെട്ടതാണ് തട്ടിപ്പ്,’’ ഇ–മെയിലിൽ പറയുന്നു.

ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രദേശങ്ങളിൽ പരിശോധന നടത്തിയെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആംഭിച്ചതായി പൊലീസ് വ്യക്തമാക്കി. നവംബറിൽ മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശവും ലഭിച്ചിരുന്നു. ടെർമിനൽ രണ്ട് ബോംബ് സ്ഫോടനത്തിൽ തകർക്കുമെന്നായിരുന്നു സന്ദേശം.

More Stories from this section

family-dental
witywide