
ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ ഒരു വീട്ടില്‍ റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്ഫോടനത്തെ തുടര്‍ന്ന് വീടിന് തീപിടിച്ചു. യശ്പാല്‍ ഘായ് (70), രുചി ഘായ് (40), മന്‍ഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെയും ജലന്ധര്‍ സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏഴുമാസം മുമ്പ് കുടുംബം പുതിയ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ വാങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വീടിനുള്ളിലും തെരുവിലും വാതകം വ്യാപിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് തീകെടുത്താനായത്.
സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് സാമ്പിളുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെ സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.