ന്യൂഡല്‍ഹി: ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം. ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താനും പരമാവധി താമസസ്ഥലങ്ങളില്‍ തന്നെ കഴിയാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വീടുകളുടെ പുറത്തിറങ്ങരുതെന്നും ഇപ്പോഴെവിടെയാണോ ഉള്ളത് ആ സ്ഥലങ്ങളില്‍ തന്നെ തുടരാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ബന്ധപ്പെടാനായി ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
ഇസ്രയേലില്‍ 18,000 ഓളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം മലയാളികളാണ്. നിലവില്‍ സുരക്ഷയെ മുന്‍നിര്‍ത്തി ഇസ്രായേലിലുള്ള മലയാളികള്‍ ബങ്കറിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാര്‍ താമസിക്കുന്ന ഏരിയകളിലും യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളത്.
പലസ്തീന്‍ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന സായുധ സംഘം ഹമാസ് ഇസ്രയേലിനെ ലക്ഷ്യം വച്ച് ഗാസയില്‍നിന്ന് ശനിയാഴ്ച രാവിലെ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് വീണ്ടുമൊരു തുറന്ന പോരിന് ജൂത രാഷ്ട്രവും തയാറെടുക്കുന്നത്. ഇസ്രയേലിനെതിരെ ഓപ്പറേഷന്‍ അല്‍-അഖ്‌സ ഫ്‌ളഡ് ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിച്ചു. തെക്കന്‍ ഇസ്രയേലില്‍ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ മുനമ്പില്‍ നിന്ന് 80 കിലോമീറ്റര്‍ പരിധിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ ഓഫിസ് അറിയിച്ചു. ഇസ്രയേലി സൈനികരെ ഹമാസ് പിടികൂടി ഗാസ മുനമ്പിലേക്ക് കൊണ്ടുപോയതായി സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങളുണ്ട്. ഇസ്രയേലിലെ സ്ഡെറോട്ടിലെ പോലീസ് സ്റ്റേഷന്‍ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തതായി ഇസ്രയേല്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയും റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍നിന്നുള്ള റോക്കറ്റ് ആക്രമണം തുടരുകയാണ്.