2024-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപബ്ലിക്കന്‍ പാർട്ടിയുടെ ആദ്യ സംവാദത്തിൽ ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയാണ് താരമായത്. ഒന്നിലധികം കാരണങ്ങളാൽ 38 കാരനായ സംരംഭകൻ സർപ്രൈസ് എലമെന്റായപ്പോള്‍, ടെസ്‌ല മേധാവി ഇലോൺ മസ്‌കിന്റെ വരെ അഭിനന്ദനം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ വിവേക് രാമസ്വാമി ‘ശ്രദ്ധേയനാ’കുന്നതിന് പിന്നിലെ കാരണങ്ങളെല്ലാം അത്ര പോസിറ്റീവല്ല.
റിപ്പബ്ലിക്കൻ പോളിംഗിൽ മൂന്നാം സ്ഥാനത്തുള്ള യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ വിവേക് രാമസ്വാമി തന്റെ വ്യക്തവും ശക്തവുമായ ട്രംപിയൻ നയമാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. ട്രംപിന്റെ വിചാരണയെ പരാമർശിച്ചുകൊണ്ട് ‘നമ്മളിപ്പോള്‍ ഇരുട്ടിലാണ്’ എന്ന് രാമസ്വാമി പ്രസ്താവിച്ചു.
അമേരിക്കന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമായ 9/11 ആക്രമണങ്ങളെക്കുറിച്ചുള്ള സ്വന്തം അഭിപ്രായം പ്രഖ്യാപിച്ച രാമസ്വാമി, വർണവിവേചനത്തിലും എല്‍ജിബിടിക്യു വിഷയങ്ങളിലും വിവാദപരമായ പരാമർശങ്ങള്‍ നടത്തി. ആ പരാമർശങ്ങളില്‍ ചിലത് ഇവയാണ്:
പ്രസ്താവന ഒന്ന്: സംവാദത്തിനിടെ മിൽവോക്കിയിലെ വേദിയിലിരിക്കുന്ന മറ്റെല്ലാ പ്രസിഡന്റ് സ്ഥാനാർത്ഥികളെയും ചിലർ പണം നല്‍കി കെട്ടിയിറക്കിയതാണെന്ന് രാമസ്വാമി അവകാശപ്പെട്ടു. അത്തരക്കാർക്കിടയില്‍ താന്‍ മാത്രമാണ് വ്യത്യസ്തന്‍ എന്നായിരുന്നു രാമസ്വാമിയുടെ അവകാശവാദം.
പ്രസ്താവന രണ്ട്: കാലാവസ്ഥാ വ്യതിയാനമെന്ന ‘അജണ്ട’ തട്ടിപ്പാണെന്ന് പ്രസ്താവിച്ച രാമസ്വാമി, മറ്റ് സ്ഥാനാർഥികള്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ മനുഷ്യ ഇടപെടലുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോയെന്നും ചോദ്യം ചെയ്തു. അമേരിക്കയുടെ ഊർജം, ഖനനം, കൽക്കരി തുടങ്ങി ന്യൂക്ലിയർ എനർജിയെ വരെ ആശ്ലേഷിക്കൂ എന്നായിരുന്നു രാമസ്വാമിയുടെ മുദ്രാവാക്യം.
ഹവായ് കാട്ടുതീയും കാലിഫോർണിയയിലെ കനത്ത വെള്ളപ്പൊക്കവുമുണ്ടായതിന് ഒരു മാസത്തിന് ശേഷമാണ് ഇത്തരമൊരു പ്രസ്താവന സ്ഥാനാർഥി നടത്തുന്നത്. “കാലാവസ്ഥാ വ്യതിയാനമെന്ന അജണ്ട ഒരു തട്ടിപ്പാണ്. യഥാർഥത്തില്‍ മോശം കാലാവസ്ഥാ വ്യതിയാന നയങ്ങൾ മൂലമാണ് കൂടുതല്‍ പേരും മരിക്കുന്നത്”, രാമസ്വാമി പറഞ്ഞു.
പ്രസ്താവന മൂന്ന്: ക്വിയർ കമ്മ്യൂണിറ്റിയുടെ അസ്തിത്വത്തെ നിരാകരിക്കുന്ന, ഗർഭച്ഛിദ്രത്തിനുള്ള അവകാശം എടുത്തുകളയണമെന്ന് ആവശ്യപ്പെടുള്ള ട്രംപിയന്‍ പ്രത്യേയശാസ്ത്രങ്ങള്‍ പ്രസംഗിക്കുന്ന രാമസ്വാമി, ദെെവം സത്യമാണെന്നും ലോകത്ത് രണ്ട് ലിംഗഭേദങ്ങള്‍ മാത്രമാണുള്ളതെന്നും അഭിപ്രായപ്പെടുന്നു. ജെന്‍ഡർ ഡിസ്മോർഫിയയെ ഒരു ‘മാനസിക രോഗമായി’ കണക്കാക്കണമെന്നും രാമസ്വാമി പറയുന്നു.
മറ്റ് പ്രസ്താവനകള്‍:
–ഫോസിൽ ഇന്ധന ഖന നം മനുഷ്യന്റെ അഭിവൃദ്ധിക്ക് ആവശ്യമാണ്.
–വിപരീത വംശീയതയും വംശീയതയാണ്.
–തുറന്ന അതിർത്തി എന്നാല്‍ പ്രവേശിക്കാവുന്ന അതിർത്തി എന്നല്ല അർഥം.
–മനുഷ്യന്റെ അറിവിലുള്ള ഭരണ വ്യവസ്ഥകളില്‍ ഏറ്റവും പരമമായ രൂപമാണ് കുടുംബം. മാതാപിതാക്കളാണ് കുട്ടികളുടെ വിദ്യാഭ്യാസമെങ്ങനെ വേണമെന്ന് നിർണ്ണയിക്കുന്നത്.
–മുതലാളിത്തം നമ്മെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തുന്നു.