തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി അനുമുല രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നും. രേവന്ത് റെഡ്ഡിക്കൊപ്പം മറ്റ് ആറ് പേര്‍ കൂടി സംസ്ഥാനത്ത് മന്ത്രിമാരായി ചുമതലയേല്‍ക്കും.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് (ബിആര്‍എസ്) തെലങ്കാനയില്‍ അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും 5-6 മന്ത്രിമാരെങ്കിലും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, തെലങ്കാന കോണ്‍ഗ്രസിന്റെ ദളിത് മുഖം മല്ലു ഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റേക്കും. ഉത്തം കുമാര്‍ റെഡ്ഡിയും ഉപമുഖ്യമന്ത്രിപദം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിനാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

ഉപമുഖ്യമന്ത്രിപദമോ റവന്യൂ വകുപ്പോ ലഭിക്കാന്‍ സാധ്യതയുള്ള ഭട്ടി വിക്രമാര്‍ക്ക, പഞ്ചായത്ത്, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം ലഭിച്ചേക്കാവുന്ന സീതക്ക, ധനകാര്യ ചുമതലയുള്ള ഉത്തം കുമാര്‍, പൊന്നം പ്രഭാകര്‍, ശ്രീധര്‍ ബാബു, തുമ്മല നാഗേശ്വര റാവു എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ള മന്ത്രി സ്ഥാനാര്‍ഥികള്‍.

ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒന്നരലക്ഷത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാക്ഷിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി (സിപിപി) അധ്യക്ഷ സോണിയ ഗാന്ധി, എംപി രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷ ബ്ലോക്കായ ഇന്ത്യയില്‍ നിന്നുള്ള ചില നേതാക്കളും പരിപാടിയില്‍ പങ്കെടുത്തേക്കും.

രേവന്ത് റെഡ്ഡിയെ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവായും തെലങ്കാനയിലെ അടുത്ത മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതൃത്വം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായിരുന്നു റെഡ്ഡി, സംസ്ഥാനത്തെ ശ്രദ്ധേയമായ വിജയത്തിന് ക്രെഡിറ്റും റെഡ്ഡിക്കാണ് നല്‍കപ്പെട്ടത്.

More Stories from this section

family-dental
witywide