പത്തനംതിട്ട : നിയമക്കുരുക്കുകള്‍ അഴിച്ച് സ്വതന്ത്രനായ റോബിന്‍ ബസ് ഇന്ന് വീണ്ടും സര്‍വ്വീസ് ആരംഭിച്ചിരിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂര്‍ക്കാണ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ റോബിനു പിന്നാലെ തന്നെ എം.വി.ഡിയും ഉണ്ടെന്ന് ഒന്നൂടെ ഉറപ്പിച്ചത് ബസ് മൈലപ്രയില്‍ എത്തിയപ്പോഴായിരുന്നു. മൈലപ്രയില്‍ കാത്തുനിന്ന മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞു. രേഖകള്‍ പരിശോധിച്ച ശേഷം ബസ് സര്‍വീസ് തുടരാന്‍ അനുവദിച്ചു.
പെര്‍മിറ്റ് ലംഘനം ആരോപിച്ച് കഴിഞ്ഞ മാസം 24 നായിരുന്നു റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റോബിന്‍ ബസ് വിട്ടുകൊടുത്തത്. നിലവിലെ നിയമപ്രകാരം സര്‍വീസ് നടത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ബസ് മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുകയാണ്.
റോബിന്‍ ബസ് സര്‍ക്കാരിനെ നിരന്തരം വെല്ലുവിളിക്കുകയാണെന്ന നിലപാടിലായിരുന്നു ഗതാഗത വകുപ്പ്. ബസിനെതിരെ കടുത്ത നടപടികളാണ് മോട്ടോര്‍ വാഹനവകുപ്പ് ഇതുവരെ സ്വീകരിച്ചത്. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം പിഴയിടുകയും ചെയ്തു.