പത്തനംതിട്ട: പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിന് റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.പിഴയും ഈടാക്കി. ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനം വിട്ടുതരണമെന്നും പകരം സംവിധാനം ഏർപ്പെടുത്താതെ പോകില്ലെന്നും അറിയിച്ച് റോബിൻ ബസിൻ്റെ ഉടമയും യാത്രക്കാരും പ്രതിഷേധിച്ചു . പിടിച്ചെടുത്ത ബസ്സിൽ തന്നെ തുടരുകയായിരുന്ന ഇവരെ രാത്രി എട്ടരയോടെ മോട്ടോർ വാഹന വകുപ്പിൻ്റെ വാഹനത്തിൽ കേരളത്തിലെത്തിച്ചു. മലയാളി ബസ് ഉടമകളും ഇവരുടെ സഹായത്തിന് എത്തിയിരുന്നു. ഇന്ന് ജോയിൻ്റ് കമ്മിഷ്ണറുടെ പരിശോധനയ്ക്ക് ശേഷം 3 ദിവസത്തിനുള്ളിൽ വിവരം അറിയിക്കാമെന്നാണ് തമിഴ്നാട് നിലപാട്.
രണ്ടാംദിനം സർവീസിന് ഇറങ്ങിയ ബസ് ആണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് ബസ്സ് പിടികൂടി പൂട്ടിയിട്ടത്. കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് തമിഴ്നാട് നടപടിയെന്ന് ബസ്സുടമ ഗിരീഷ് ആരോപിച്ചു. അതേസമയം, റോബിന് ബദലായി കെഎസ്ആർടിസി ഇറക്കിയ കോയമ്പത്തൂർ ലോ ഫ്ലോർ സർവീസ് മികച്ച കളക്ഷൻ നേടി.
രണ്ടാം ദിന സർവീസിൽ റോബിനെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തടഞ്ഞത് ഒരിടത്ത് മാത്രം. തൊടുപുഴയ്ക്ക് സമീപം വെച്ച് എം വി ഡി ഉദ്യോഗസ്ഥർ തടഞ്ഞ്,പരിശോധിച്ചു. 7500 രൂപ പിഴയുമിട്ടു. പിന്നീട് ഒരിടത്തും പരിശോധന ഉണ്ടായില്ല. എന്നാൽ വാളയാറും കടന്ന് ഉച്ചയോടെ കോയമ്പത്തൂരിൽ എത്തേണ്ട ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടി. ചാവടിയിലെ ചെക്പോസ്റ്റ് പരിശോധനയക്ക് ശേഷമാണ് ബസ് പിടികൂടിയത്.
കസ്റ്റഡിയിൽ എടുത്ത ബസ് യാത്രക്കാർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫിസിലേക്ക് മാറ്റുകയായിരുന്നു.
Robin Bus is in the Custody of Tamil Nadu Transport dept