കൊച്ചി: റോബിന്‍ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ജാമ്യമനുവദിച്ച് കോടതി. 2012-ലെ വണ്ടിച്ചെക്ക് കേസില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ഗിരീഷിനെ പോലീസ് അറസ്റ്റുചെയ്തത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ പാലാ പോലീസ് അറസ്റ്റുചെയ്തത്. ഏതുകേസിന്റെ അടിസ്ഥാനത്തിലാണ് തന്നെ പോലീസ് അറസ്റ്റുചെയ്തതെന്ന് അറിയില്ലെന്ന് ഗിരീഷ് ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പറഞ്ഞു.
“2012-ലെ കേസാണിത്. അക്കാലത്ത് ഞാന്‍ കിടപ്പിലായിരുന്നു. അതിനുശേഷം ഈ നാട്ടില്‍ത്തന്നെയാണ് ജീവിച്ചത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ രണ്ട് ദിവസം മാറിനില്‍ക്കേണ്ടിവന്നത് കോയമ്പത്തൂരില്‍ പോയപ്പോള്‍ മാത്രമാണ്. ഒരു ബസ്സുകാരന്റെ അവസ്ഥ ഇപ്പോള്‍ മനസ്സിലായില്ലേ? ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് ഒരു വാറണ്ടോ സമന്‍സോ വന്നിട്ടില്ല,” ഗിരീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസ് എം.വി.ഡി പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ പ്രതികാര നടപടിയാണിതെന്നാണ് കുടുംബത്തിന്റെ ആരോപണം. സർക്കാർ വേട്ടയാടുകയാണെന്ന് ഗിരീഷ് പറയുന്നു. എന്നാൽ, ദീർഘകാലമായുള്ള വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസ് വിശദീകരണം.