തൃശൂര്‍: മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ റോബിന്‍ ബസിനെ വിടാതെ പിന്നാലെ കൂടി എംവിഡി. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള സര്‍വീസിനിടെ നാലാം തവണയും ബസിനെ എംവിഡി തടഞ്ഞു. പുതുക്കാട് വെച്ചാണ് ബസ് നാലാമതും തടഞ്ഞിരിക്കുന്നത്. ആദ്യം യാത്ര പുറപ്പെട്ടപ്പോള്‍ തന്നെ ബസ് തടഞ്ഞ എംവിഡി പെര്‍മിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടിരുന്നു.
രണ്ടാമത് പാലാ ഇടപ്പാടിയില്‍ വച്ചും മൂന്നാമത് അങ്കമാലിയില്‍ വച്ചും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ബസ് തടഞ്ഞു. നാലാമതാണ് പുതുക്കാട് വച്ച് തടഞ്ഞിരിക്കുന്നത്. ഇതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാത്രക്കാരും നാട്ടുകാരും രംഗത്തെത്തി. എന്തിനാണ് ഇങ്ങനെ തുടര്‍ച്ചയായി ബസ് തടയുന്നത് എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. നടത്തുന്നത് നിയമപരമായ പരിശോധനയാണെന്നും മറ്റൊന്നും ഇപ്പോള്‍ പറയാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.
അതേസമയം പരിശോധനയ്ക്കിടെ പുതുക്കാട് വച്ച് നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂക്കിവിളിച്ചു. പിന്നീട് പാലിയേക്കര ടോള്‍ പ്ലാസയില്‍ വച്ച് നാട്ടുകാര്‍ ബസിനും ഉടമ ഗിരീഷിനും സ്വീകരണം നല്‍കുകയും ചെയ്തു. ആവര്‍ത്തിച്ചുള്ള പരിശോധനയെ തുടര്‍ന്ന് ഏറെ വൈകിയാണ് ബസിന്റെ യാത്ര. കോയമ്പത്തൂര്‍ വരെ ബസുടമയും യാത്രയുടെ ഭാഗമാകുന്നുണ്ട്. കോടതിയാണോ മോട്ടര്‍വാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമാണ് ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പ്രതികരണം.