പത്തനംതിട്ട: ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പിന്തുണയില്‍ വീണ്ടും നാളെ മുതല്‍ പത്തനംതിട്ട – കോയമ്പത്തൂര്‍ സര്‍വീസ് നടത്താന്‍ റോബിന്‍ ബസ് ഉടമയുടെ തീരുമാനം. ഇന്നുമുതലാണ് സര്‍വീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും വൃശ്ചികം ഒന്നിന് തുടക്കമിടാനാണ് തീരുമാനമെന്ന് ഉടമ. ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പേരില്‍ സ്റ്റേറ്റ് കാര്യേജായി സര്‍വീസ് നടത്തുന്നത് മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തത് വിവാദമായിരുന്നു.
‘നാളെ തുടങ്ങാനിരുന്ന സർവീസ് വൃശ്ചികം ഒന്നാം തീയതിയിലേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു. നല്ല കാര്യങ്ങൾക്ക് തുടക്കം നല്ലൊരു ദിവസമാകട്ടെ. അയ്യപ്പന്റെ മണ്ണിൽ നിന്ന് തുടങ്ങമ്പോൾ വൃശ്ചികം ഒന്ന് തന്നെ ഏറ്റവും അനുയോജ്യമായ ദിവസം. വൈകി അറിയിച്ചതിൽ ഖേദം രേഖപ്പെടുത്തുന്നു,’ റോബിൻ മോട്ടോഴ്സ് ഫേസ്ബുക്കിൽ കുറിച്ചു.
പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും. പത്തനംതിട്ട – കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.
കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ നാഷണൽ പെർമിറ്റ് വ്യവസ്ഥകൾ ലഘൂകരിച്ചതിലൂടെയാണ് റോബിൻ ബസ് അടക്കം പെർമിറ്റ് നേടി അന്തർസംസ്ഥാന സർവീസുകൾ നടത്തിയത്. എന്നാൽ ബസ് ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് കോടതി ഉത്തരവിലൂടെയാണ് ഉടമ ഗിരീഷ് തിരിച്ചെടുത്തത്.
ഓൾ ഇന്ത്യ പെർമിറ്റിന്റെ പിന്തുണയോടെ പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിലാണ് റോബിൻ ബസ് സർവീസ് നടത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് പുലർച്ചെ അഞ്ച് മണിയോടെയാണ് റാന്നിയിൽ വച്ച് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. പരിശോധനകൾക്ക് ശേഷം നിയമ നടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയിൽ എടുത്ത് റാന്നി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ദേശസാത്കൃത പാതയിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസിയുടെ പരാതിയിലായിരുന്നു നടപടി.