പത്തനംതിട്ട: കടന്നു പോകുന്ന വഴിത്താരകളിൽ ആരാധക വൃന്ദത്തിൻ്റെ അഭിവാദ്യങ്ങളേറ്റുവാങ്ങിയ സോഷ്യൽ മീഡിയയുടെ പൊന്നോമന റോബിൻ ബസ് ഒടുവിൽ എംവിഡിയുടെ കസ്റ്റഡിയിൽ. ദിവസങ്ങളായി പല തവണ പിഴയടപ്പിച്ചിട്ടും ഓട്ടം നിർത്താൻ കൂട്ടാക്കാത്ത റോബിൻ ബസിനെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട എആർ ക്യാംപിൽ കൊണ്ടിട്ടു. വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കർശന നടപടി എടുത്തത്. ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാർ പ്രതികരിച്ചു. കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും റോബിൻ ബസ് നടത്തിപ്പുകാര്‍ വാദിച്ചു. ഡ്രൈവർമാരുടെ ലൈസൻസ്, വാഹനത്തിന്റെ പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ലോഗർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്.
ടൂറിസ്റ്റ് ബസായ റോബിൻ ബസ് ( കോൺട്രാക്ട് കാര്യർ) സാധാരണ ഓട്ടം നടത്തുന്ന ബസുകളെ ( സ്റ്റേജ് കാര്യർ) പോലെ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു എന്ന ആരോപണമാണ് എംവിഡി ഉന്നയിക്കുന്നത്.
Robin Bus under MVD’s custody over the charge of violation of law