റഷ്യയിലെ വാഗ്നർ ഗ്രൂപ്പ് ഹിസ്ബുള്ളയ്ക്ക് അത്യാധുനിക മിസൈലുകൾ കൈമാറുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: റഷ്യയിലെ വാഗ്നര്‍ ഗ്രൂപ്പ് ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയ്ക്ക് അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം എസ്.എ.-22 കൈമാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് വാഗ്നര്‍ ഗ്രൂപ്പും ഹിസ്ബുള്ളയുമായുള്ള ചര്‍ച്ചകള്‍ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് വിവരം. വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ വ്യോമവേധ മിസൈലുകളും തോക്കുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് എസ്.എ.-22 വിലുള്ളതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Pantsir-S1 എന്നൊരു പേര് കൂടിയുണ്ട് എസ്.എ.-22 വിന്.

റഷ്യ-ഉക്രൈന്‍ യുദ്ധത്തിലും എസ്.എ.-22 ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ ഹിസ്ബുള്ള ഇത് പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധം മൂര്‍ച്ഛിക്കുന്നതിനിടെ ലെബനീസ് അതിര്‍ത്തിയില്‍ ഇസ്രയേലും ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷവും കടുക്കുന്നുണ്ട്.

അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ലെബനനില്‍നിന്ന് എസ്.എ.-22 വിനെ ഗാസയിലേക്ക് അയക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വാഗ്നര്‍ ഗ്രൂപ്പും ഹിസ്ബുള്ളയും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.