കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവിനേയും കേസില്‍ പ്രതി ചേര്‍ത്തു. ഐപിസി 306, 34 വകുപ്പുകള്‍ പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പ്രതിചേര്‍ത്തത്.
വന്‍ തുക സ്ത്രീധനം വാങ്ങാന്‍ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹന ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് ഡോ. ഷഹാന ആത്മഹത്യ ചെയ്തത്. എല്ലാവര്‍ക്കും പണമാണ് വലുതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ഷഹന എഴുതിയത്.
വിവാഹത്തില്‍ നിന്ന് പിന്മാറിയത് പിതാവിന്റെ എതിര്‍പ്പുമൂലമെന്നാണ് റുവൈസ് ഷഹനയുടെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. ഷഹനയുടെ മാതാവും സഹോദരനും ഇക്കാര്യങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലും റുവൈസിന്റെ പിതാവിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് വിശദമായി ചോദ്യംചെയ്യാന്‍ ഇയാളെയും പ്രതി ചേര്‍ത്തത്.